പതിരു വാണിഭം
വള്ളുവനാട്ഗ്രാമങ്ങളിലെ പൂരവേലനേർച്ചപ്പുലരികളിൽ ഉത്സവപ്പറമ്പുകളിൽ
നടന്നിരുന്ന വിശേഷ വ്യാപരോത്സവമായിരുന്നു ‘പതിരു വാണിഭം’. കാർഷിക സമൃദ്ധിയുമായി ബന്ധപ്പെട്ടതാണീ മേള. കൃഷി പ്രധാന
ജീവിതോപാധിയായിരുന്ന കഴിഞ്ഞ നൂറ്റാണ്ടിലെ അവസാന ദശകങ്ങളിലും ഈ പൗരാണികമേള സജീവമായിരുന്നു.
കേരളത്തിന്റെ നെല്ലറയായാണല്ലൊ പാലക്കാട് അറിയപ്പെട്ടിരുന്നത്.
മകരക്കൊയ്ത്ത് കഴിഞ്ഞാൽ പിന്നെ വിശ്രമകാലമാണു. മകരത്തിൽ തുടങ്ങും ഒറ്റപ്പെട്ട വേലകളും നേർച്ചകളും.. കുംഭം പൂരങ്ങളുടെ മാസമാണു. ഒരുഗ്രാമം ഒന്നിച്ചാഘോഷിക്കുന്ന
ഈ വേള അടുത്ത കൊല്ലത്തേക്കവർക്കാവശ്യമുള്ള ഗൃഹോപകരണങ്ങളും കാർഷികോപകരണങ്ങളും സ്വരൂപിക്കുവാനുള്ള
അവസരമായി മാറുന്നു.
പൊന്നാനി ചാവക്കാടു ഭാഗത്തുള്ള് മത്സ്യവ്യാപാരികൾ ഉത്സവത്തലേന്നു
തന്നെ എത്തിച്ചേരും. ഉണക്ക സ്രാവാണു അവരുടെ മാസ്റ്റർ ചരക്കു കൂടെ ചെറൂ മൽസ്യങ്ങളും
ഉണ്ടായിരിക്കും.
നെല്ലിന്റെ പതിരു കൊടുത്താണു മത്സ്യം വാങ്ങിയിരുന്നതു.വെറും പതിരു കൊടുത്താൽ പകരം മീൻ കിട്ടുമെന്നു
ധരിക്കേണ്ട. വാണിഭത്തിനുള്ള ‘പതിരു’
തയാറാക്കൽ കർഷക വീടുകളിലെ ഒരു പ്രധാന ചടങ്ങായിരുന്നു. കനമുള്ള പതിരു നേരത്തെ നെല്ലുചേറി വൃത്തിയാക്കുമ്പോൾ ശേഖരിച്ചിരിക്കും.
ഈ പതിരു വാണിഭത്തലേന്നു രാവിൽ മുറ്റത്തു പരത്തിയിടും. ഇവിടെ ഒരു ചൂഷണത്തിന്റെ മുഖം തുറക്കപ്പെടുകയാണു. രാവിലെ
മഞ്ഞുകൊണ്ട് പതിരു കനം വെക്കും. ഇതിൽ പതിരിന്റെ തൂക്കത്തിനു അനുസ്ർതമായി
കുറച്ചു നെല്ലു ചേർക്കും. ഈ മിശ്രിതമാണു വാണിഭത്തിനുള്ള കൈമാറ്റ
വസ്തു.
പുലർച്ചെ മൂന്നുമണിക്ക്
തന്നെ വീടുകളിലെ കൃഷിപ്പണിക്കാർ എത്തിയിരിക്കും. മുളചീന്തി മെടഞ്ഞുണ്ടാക്കിയ വലിയ കൊട്ടയിൽ പതിരു നിറക്കും.
കൊട്ട തലയിലേറ്റി വാണിഭ നഗരിയിലേക്കു നീങ്ങും. യാത്രയെ നയിക്കുന്നതു വീട്ടുകാരണവരായിരിക്കും. കൊട്ടകളുടെ
എണ്ണവും വണ്ണവും കണ്ടാലറിയാം വീട്ടുകാരന്റെ പ്രൗഡി. മത്സ്യങ്ങൾ
നിരത്തിവെച്ചു വ്യാപാരികൾ നിരനിരയായി ഇരിക്കുന്നുണ്ടാവും. ഓരോ
കൊട്ടയും ഇവരുടെ മുന്നിൽ ഇറക്കിവെക്കും. വ്യാപാരി ഇരുകൈകളിൽ കൊട്ട
പൊക്കിനോക്കി മൂല്യം നിശ്ചയിക്കും. ചിലപ്പോൾ കൈ പതിരിലേക്കു ഇറക്കി
ഒരുപിടി വാരി വായിലിട്ടു ചവച്ചു നോക്കും. അതനുസരിച്ചുള്ള മീൻ
എടുത്തു നീക്കിവെക്കും. തൃപ്തികരമെന്നു തോന്നിയാൽ പതിരു കൈമാറി
മീനുമായി മടങ്ങാം. അല്ലെങ്കിൽ അടുത്ത വ്യാപാരിയെ സമീപിക്കാം.
ഈ കൊടുക്കൽ വാങ്ങൽ പ്രക്രിയയിൽ വിലപേശലിനു അവസരമുണ്ട്.
ഇങ്ങനെ ലഭ്യമാകുന്ന ഉണക്ക
മത്സ്യം അടുത്ത വാണിഭം വരെ കരുതിവെച്ചു ഉപയോഗിക്കുന്നവരുണ്ട്. കൃഷി ജീവിതോപാധിയല്ലാതായപ്പോൾ ഈ ബാർടർ
സമ്പ്രദായം ക്രമേണ നിലച്ചുപോകുകയാണൂണ്ടായതു. പാരമ്പര്യത്തിന്റെ ഓർമപ്പെടുത്തലുമായി എത്തുന്ന മേള ഒരു പ്രദേശത്തിന്റെ സാംസ്‌കാരിക പൈതൃകത്തെയാണ് വിളംബരം ചെയ്തിരുന്നതു.. ഗ്രാമീണ കേരളത്തിന്റെ
വിഭവങ്ങളുടെ കാഴ്ചയൊരുക്കമായിരുന്നു
വാണിഭം സമ്മാനിച്ചിരുന്നതു. ഗ്രാമീണ ജീവിതവുമായി അത്രമാത്രം ഇഴുകിച്ചേർന്നിരുന്നു ഈ സമ്പ്രദായം.. ആധുനികതയെ വാരിപ്പുണർന്നപ്പൊൾ
നഷ്ടപ്പെട്ടുപോയ അനേകം നന്മകളിൽ ഒന്നു.