ആഘോഷങ്ങളുടെ രാഷ്ട്രീയം
ജീവിതത്തിൽ മനുഷ്യർക്കെന്തല്ലാം ആഘോഷങ്ങളാണു. വളരെയേറെ പണിപ്പെട്ടു ഈ ജീവിതനൗക തുഴഞ്ഞക്കരെയെത്തിക്കുവാൻ പാടുപെടുന്നവർക്കു
ഇടക്കിടെയുള്ള സന്തോഷമുഹൂർത്തങ്ങൾ എന്തൊരാശ്വാസമാണു നൽകുന്നതു.ആഘോഷങ്ങൾ
പലവിധമാണു.
വ്യക്തിപരം, കുടുംബപരം, സാമൂഹികം.
ആധുനിക കാലത്തു വൈയക്തികമായ സന്തോഷങ്ങൾ ആഘോഷങ്ങളാകുന്നതു കൂട്ടുകാരോടൊപ്പം
കൂടുമ്പോഴാണു. ഇവിടെ ആഘോഷങ്ങൾ തീറ്റയും കുടിയുമായി മാറുന്നു.
വ്യക്തിപരവും കുടുംബപരവുമായ വികാരങ്ങളുടെ കൂടിച്ചേരലാണു കല്യാണാഘോഷങ്ങൾ.
സാമൂഹികമായ ആഘോഷങ്ങൾക്കു വിശാലമായ അർത്ഥതലങ്ങളുണ്ടു. സാമൂഹികമായ ആഘോഷങ്ങളാണു സർക്കാർ അവധി ദിനങ്ങളായി അംഗീകരിക്കപ്പെടുന്നതു.
ഈ ആഘോഷങ്ങളിൽ മിക്കതും
മതങ്ങളും സമുദായങ്ങളുമായി ബന്ധപ്പെട്ടവയുമാണു. കാർഷികാഘോഷമെന്നും മറഞ്ഞുപോയ
സൽഭരണത്തിന്റെ ഓർമകൾ അയവിറക്കാനുള്ള അവസരമെന്നും ചില ആഘോഷങ്ങൾ
അറിയപ്പെടുമ്പോൾ ചിലവ മഹാന്മാരുടെ ജന്മദിനങ്ങളാണു. എന്തൊക്കെ
ആയാലും ഓരോരോ കാരണങ്ങൾ കണ്ടെത്തി
ആഘോഷങ്ങളുടെ എണ്ണം കൂട്ടിക്കൊണ്ടിരിക്കുന്നു.
അതോടൊപ്പം കലണ്ടറിലെ ചുവപ്പക്കങ്ങളുടെ എണ്ണവും കൂടുന്നു.
ജോലിക്കും വിനോദത്തിനും വിശ്രത്തിനുമായി ദിവസത്തെ മൂന്നായി
ഭാഗിക്കുന്നതിനു മുമ്പേ സമൂഹത്തിൽ ആഘോഷങ്ങൾക്ക് തുടക്കമിട്ടിരുന്നു. ദിവസങ്ങളോളം പട്ടിണിക്കിട്ട സിംഹവും അടിമയും തമ്മിലുള്ള മൽപ്പിടുത്തം
കണ്ടുരസിക്കാനുള്ള ‘കൊളോസിയ’ങ്ങൾ റോമാചരിത്രത്തിൽനിന്നും
നാം വായിച്ചെടുത്തതാണു. അതിന്റെ ആധുനിക പതിപ്പായി മസിലുരുട്ടിയ
രാക്ഷസർ തമ്മിൽ ഇടിക്കൂട്ടിൽ കാട്ടിക്കൂട്ടുന്നതു വർത്തമാനകാലത്ത് ചാനലിലൂടെ നാം കാണുന്നവരാണു.
ഇരുപത്തിനാലു മണിക്കൂറും നവം നവങ്ങളായ വിനോദപരിപാടികളുമായി ചാനലുകാർ
നമ്മെ രസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇതിനിടയിൽ കാലംകൂടുമ്പോൾ
ഒരാഘോഷം അല്ലെങ്കിൽ ആഘോഷങ്ങൾ കടന്നുവരുമ്പോൾ അതിനു പഴമയുടെ ത്രില്ല് ലഭിക്കാതെ വരുന്നു.
പകലന്തിയോളം പണിയിൽ മുഴുകുന്ന സാധാരണക്കാരനു കാർഷികവൃത്തിയുടെ ഒഴിവുകാലമാകുമ്പോൾ
രസിക്കാനൊരു ദിവസമായിട്ടായിരിക്കാം ജനകീയാഘോഷങ്ങൾക്ക് തുടക്കമായതു. അതിനു മതങ്ങളുടേയും മിത്തുകളുടേയും പാശ്ചാത്തലമൊരുക്കിയതു സാർവത്രികമായ അംഗീകാരം
ലഭിക്കുവാനുമായിരിക്കാം. ഇന്നീ ആഘോഷങ്ങൾ വാണിജ്യവത്കരിക്കപ്പെട്ടിരിക്കുന്നു,
രാഷ്ട്രീയവത്കരിക്കപ്പെട്ടിരിക്കുന്നു. ഉത്പന്നങ്ങൾ
വിറ്റഴിക്കുവാനും ഭരണം നിലനിറുത്താനും പിടിച്ചെടുക്കാനും ആയുള്ള ഉപകരണമായി ആഘോഷങ്ങൾ
മാറിയിരിക്കുന്നു.
ചാനലുകാർ വിവിധ പരിപാടികളുമായി വരുമ്പോൾ പരമ്പരാഗത
കളികൾക്കു പ്രസക്തി നഷ്ടപ്പെടുന്നു. ഓണത്തല്ലും കുമ്മാട്ടിക്കളിയും
ചാക്കിൽകയറി നടത്തവും വടംവലിയുമെല്ലാം
ലൈവ് ആയി സ്വീകരണമുറിയിലെത്തുമ്പോൾ കളികൾക്കായി കുട്ടികളെന്തിനു പുറത്തിറങ്ങണം. . കാലം മാറുമ്പോൾ ആഘോഷങ്ങൾക്കു മാറ്റവും വരുന്നു.
അല്ലെങ്കിലും ഓരോകാര്യങ്ങളും ഏർപ്പാട് ചൈയാൻ ഇപ്പോൾ നിയുക്തരുണ്ട്.
പൂവായാലും പൂവിളിയായാലും കളിയായാലും കാര്യമായാലും നേരത്തെ ‘കൽപ്പന’ കൊടുത്താൽ അവരെത്തും
സാമഗ്രികളുമായി. വെട്ടാനും കുത്താനും ‘ക്വട്ടേഷനെ’ങ്കിൽ ആഘോഷങ്ങൾക്കായി ‘ഈവന്റ് മാനേജ്മെന്റാ’ണിപ്പോൾ.
പാർട്ടി സമ്മേളനങ്ങൾ പോലും ഇവരാണല്ലൊ നടത്തുന്നതു.
ജീവിതത്തിലെ ഓരോ നിമിഷങ്ങളും ആഘോഷിച്ചുകൊണ്ടിരിക്കുന്നവരാണു ഭൂരിഭാഗം
മനുഷ്യരും. പക്ഷെ, നമുക്കിടയിൽ ആഗ്രഹമുണ്ടെങ്കിലും അതിനു കഴിയാത്തവരുണ്ട്. മക്കളുണ്ടെങ്കിലും
വാർദ്ധക്യ സദനങ്ങളിൽ അഭയം തേടേണ്ടിവന്നവർ, അപകടങ്ങളിൽ ശരീരം തളർന്നു പരസഹായത്താൽ ജീവിക്കുന്നവർ
, വിവിധകാരണങ്ങളാൽ മാനസികനില തെറ്റിയവർ. ഇവരും മനുഷ്യരാണു. ആഘോഷങ്ങൾക്കായി ‘നിയുക്തരെ’
നിയോഗിക്കുന്നതിനപ്പുറം ഇവർക്കായി ‘നിയുക്തമ്രായി ജീവിതം ആഘോഷമാക്കി മാറ്റാൻ ആവുമോ?
അതായിരിക്കട്ടെ ഈ അഘോഷവേളയിലെ ചിന്തകൾ.