Wednesday, 9 June 2021

 വാക മരച്ചോട്ടിലെ മീട്ട ബഹൻ

         അഥവാ ഒരവധിക്കാലം



ഈ അവധിക്ക് നാട്ടിലെത്തുമ്പോൾ പഴയ തോപ്പിലേക്ക്  എന്തായാലും പോകണമെന്ന് തീരുമാനിച്ചിരുന്നു . പ്ലാവും മാവും വാകയും

കൂടാതെ  ഏതാണ്ടെല്ലാ നാടൻ മരങ്ങളും അവിടെയുണ്ട് . കുട്ടിയായിരിക്കുമ്പോൾ സ്കൂൾ മധ്യവേനലവധിക്കാലത്ത് കൂട്ടുകാരോടൊത്ത് ഇവിടെ വരുമായിരുന്നു.  ആദ്യമായി ചൈയ്തിരുന്നത് ഒരുമിച്ചിരിക്കാൻ സൌകര്യമുള്ള ഒരിടം തെരഞ്ഞെടുക്കുകയായിരുന്നു. നല്ല തണൽ കിട്ടുന്ന മരച്ചുവട്ടിൽ കിട്ടുന്ന മുളങ്കാലുകളും മരച്ചില്ലകളും തെങ്ങോലകളും  കൊണ്ട് ഒരു പന്തൽ കെട്ടും. പിന്നെയവിടെ പാട്ടും കൂത്തും നാടകവും പ്രസംഗവും എല്ലാമായുള്ള കലോത്സവമായിരിക്കും. ചിലപ്പോളവിടെ വാണിഭങ്ങൾ അരങ്ങേറും. വരനും വധുവും ഒക്കെയായി കല്യാണങ്ങളും നടക്കും.  

ഇത്തവണ നാട്ടിലെത്തുന്നത് അതേ അവധി ദിനങ്ങളിലാണ്. അതുകൊണ്ടായിരിക്കാം സ്ക്കൂൾ കാലങ്ങൾ മനസ്സിലേക്കോടിയെത്തിയത്.



ഓരോ അവധി വേളകളിലും നടക്കാതെ പോയ മോഹം ഇത്തവണ എന്തായാലും നടത്തണമെന്ന് ഒരു വാശി പോലെ മനസിലുറപ്പിച്ചിരുന്നു. തലേ ദിവസം അത്താഴം കഴിച്ച് കഴിഞ്ഞപ്പോൾ നാളെ

പഴയ തോപ്പിൽ പോകണമെന്ന് പറഞ്ഞു.

കേട്ട പാതി ‘ഓ കെ’ പറഞ്ഞത് മോളായിരുന്നു.  അവൾക്കാണെങ്കിൽ എന്നും പരാതിയാണ്. പപ്പയുടെ  നാടും നാട്ടുകാരും അവളെ അത്ര കണ്ട് ത്രസിപ്പിച്ചിരിക്കുന്നു.  നാട് കാണാനും നാട്ടുകാരെ പരിചയപ്പെടാനും വഴിയുണ്ടാക്കാമെന്ന് ഞാൻ വാക്കും  കൊടുത്തിരുന്നു.



“എങ്ങടാ നീ ജീൻസും ടോപ്പൊക്കെ ഇട്ട്. കല്യാണത്തിനാ… “

പ്രഭാത ഭക്ഷണവും കഴിഞ് പുറപ്പെടാൻ റെഡിയായി വന്നതാണവൾ അതി രാവിലെ തന്നെ.

ഞാനാണെങ്കിൽ വളരെ പിന്നിലാണ്.  പ്രഭാത കൃത്യങ്ങൾ കഴിഞ് റെഡിയാവണമെങ്കിൽ 10മണിയെങ്കിലും ആവും.

ചോദ്യം അവൾക്കിഷ്ട്ടപ്പെട്ടില്ലന്ന് മുഖഭാവം  കണ്ടാലറിയാം.

“ശരി മോളെ, ഒരു 15മിനിറ്റ്. “ ഒരു നല്ല കാര്യത്തിനിറങ്ങുന്നതല്ലേ. മുഷിപ്പിക്കേണ്ട. വായിച്ചു കൊണ്ടിരുന്ന ന്യൂസ്‌ പേപ്പർ മടക്കി വെച്ച്  ഞാൻ സ്വയം അഡ്ജസ്റ്റ് ചൈയ്തു.



ഒരൊറ്റമുണ്ടും ടീ ഷർട്ടും എടുത്തണിഞ് ഞാനും റെഡിയായി.  

“മാസ്ക്കെടുക്കാൻ  മറക്കേണ്ട, വൈറസ് ഇപ്പോൾ ഇടവഴികളിലും ഉണ്ട് “

ആഹാരം കഴിച്ച് കൊണ്ടിരിക്കുമ്പോൾ സുമി പറഞ്ഞതിന് അർത്ഥതലങ്ങൾ തേടേണ്ടതുണ്ടോ.

‘മാസ്ക് മാത്രമാവേണ്ട,  ഗ്ലൗസും എടുത്തോ മോളെ. ഒപ്പം ഈ മൊബൈലും ആ ബാഗിൽ ഇരുന്നോട്ടെ ‘.

മകൾ കൊണ്ടുവന്ന മാസ്ക് വാങ്ങി ധരിക്കുമ്പോൾ വെറുതെ മനസ് പറഞ്ഞു

‘ മുഖം മൂടി പണ്ടേ എനിക്കിഷ്ടമല്ല.  എല്ലാം തുറന്ന് പറഞ്ഞിട്ടേ ഉള്ളൂ, എല്ലാവരോടും ‘



പുറത്തേക്കിറങ്ങുമ്പോൾ ചുമർ ഘടികാരം

8 മണി അടിച്ചറിയിച്ചു.

 “വാ മോളേ,  വെയിൽ ചൂടാകും മുമ്പെ തിരിച്ചെത്തണം.”

ഗേറ്റ് കടക്കുമ്പോൾ മോള് ചോദിച്ചു

“നടന്നാണോ പപ്പാ…. “



പോകേണ്ട വഴികളെ കുറിച്ച് അവൾക്ക് അറിയില്ലല്ലോ.  ഇടവഴികളും കുന്നുകളും തോടുകളും അന്യമായതാണല്ലോ അവളുടെ ജീവിതം.  

‘നാട്  നടന്നു തന്നെ കാണണം. എങ്കിലേ അതിന്റെ ആത്മാവ്  തൊട്ടറിയാൻ കഴിയൂ ‘

അതവൾ ശ്രദ്ധിച്ചോ എന്നറിയില്ല. പുറം കാഴ്ചകൾ അത്രമേൽ അവളെ സ്വാധീനിച്ചിരിക്കാം.  അതുകൊണ്ടായിരിക്കാം മറുമൊഴി ഇല്ലാത്തത്.

ടാർ റോഡ് മുറിച് കടന്ന് സാമാന്യം വീതിയുള്ള ഇട റോഡിലേക്ക് കടന്നു.  ഈ റോഡിന് അന്നും ഇതേ വീതി തന്നെയായിരുന്നു. പ്രധാന റോഡിനോട് ചേർന്ന് ഒരു കാള വണ്ടി നിറുത്തിയിട്ടുണ്ടാവും. അതിപ്പോൾ കാണുന്നില്ല എന്ന് മാത്രം. കൊല്ലങ്ങൾക്ക് മുമ്പ് ടാറിട്ടതിന്റെ ലക്ഷണവും കാണുന്നുണ്ട്.  ഇരു പുറവും ഇന്ന് കാണുന്ന ചായം തേച്ച മതിലുകളും അതിനകത്തെ വാർപ്പ് വീടുകളും ഉണ്ടായിരുന്നില്ല. ഉയർന്ന മണ്ണ് മതിലുകളും അരികിൽ നിന്നിരുന്ന കുറ്റി മരങ്ങളും ആണ് അതിർത്തി ഇട്ടിരുന്നത്. വീടുകളും കുറവായിരുന്നു.  വലിയതെന്ന് പറയുന്ന വീടുകളെല്ലാം ഓട് മേഞ്ഞതായിരുന്നു.

ഇരു ഭാഗത്തേക്കും കൗതുകത്തോടെ നോക്കിയും പറയാനെന്തോ ബാക്കിവെച്ചുമായിരുന്നു അവളുടെ നടത്തം.  ഇപ്പോൾ പാതി ദൂരം പിന്നിട്ടിരിക്കുന്നു. അന്നൊക്കെ ഈ സമയം കൊണ്ട് അവിടെയെത്തിയിരിക്കും.



“ഇനിയെങ്ങോട്ടാ പപ്പാ.. “ ഒരു തിരിവ് കഴിഞ്ഞിടത്ത് ഇടത്തേക്കൊരു ഇടവഴിയുണ്ട്. അവിടെ എത്തിയപ്പോഴാണ് അവൾ ചോദിച്ചത്.  

ആദ്യമായി വരുന്ന വഴികളിലെ തിരിവുകളിലെത്തുമ്പോൾ സംശയിക്കാം. എങ്കിലും എത്ര കൃത്യമായാണവൾ ആ ഇടവഴിയിലേക്ക് കാല് വെച്ചത്.

“തെറ്റിയിട്ടില്ല,  നടന്നോളൂ…”

ഓരോ കാര്യങ്ങളോർത്തുള്ള നടത്തത്തിൽ അവൾ മുന്നിൽ കയറിയത് ഞാനറിഞ്ഞിരുന്നില്ല.

ഒരാൾക്ക് മാത്രം നടന്നു പോകാവുന്ന ഇടുങ്ങിയ ഈ വഴിക്ക് ഇപ്പോഴും മാറ്റമൊന്നുമില്ല.  ഇരുവശങ്ങളിലും പഴയ മുള്ളു വേലിയുടെ അവശിഷ്ടങ്ങൾ കിടക്കുന്നു. അവക്കിടയിൽ തെച്ചിയും ശീമക്കൊന്നയും ഇടതൂർന്ന് വളർന്ന് അതിർത്തിയിട്ടിരിക്കുന്നു. ഇടവഴിയിൽ കൊഴിഞ്ഞ ഇലകളും വാടിയ പൂക്കളും  പരവതാനി വിരിച്ചിരിക്കുന്നു.



മുന്നിൽ നടന്നിരുന്ന അവളിപ്പോൾ എന്റെ കയ്യിൽ പിടിച്ചാണ് നടപ്പ്.  ആദ്യമായിട്ടാണല്ലോ വെളിച്ചം കുറഞ്ഞ ഇത്തരം വഴികളിലൂടെയുള്ള നടത്തം.

വഴിയവസാനിക്കുന്നത് മറ്റൊരു പാതയിലാണ്. ടാറിട്ട സാമാന്യം വീതിയുള്ള റോഡ്.  ഈ റോഡ് പുതിയതാണ്. അന്ന് ഒരു ചെറിയ മൺ പാത കുന്നിനപ്പുറമുള്ള തോട്ട് വക്ക് വരെ ഉണ്ടായിരുന്നു.  തോട്ടിനപ്പുറം നെൽ വയലാണ്. തോടിന് പാലമിട്ട് വയലിലൂടെ റോഡ് നിർമിച്ചാൽ ടൗണിലേക്കുള്ള വലിയ റോഡിലെത്താം. അങ്ങനെയൊരു റോഡ് വന്നതാവാം.  വിശാലമായ സ്ഥലം പരിചയമില്ലാത്ത വിധം മാറിയിരിക്കുന്നു. നാലോ അഞ്ചോ ഏക്രയിൽ മരങ്ങളും വള്ളിപ്പടർപ്പുകളുമായി കിടന്നിരുന്ന ആ പഴയ മാട്ടം എവിടെയാണ്.  ഒരാളുയരത്തിലുണ്ടായിരുന്ന മണ്ണ് തിട്ടും അരികിൽ ഉയർന്നു നിന്നിരുന്ന വൻ മരങ്ങളും എവിടെ ! തട്ട് തട്ടായി കുന്നിന് താഴെ കിടന്നിരുന്ന എന്റെ ബാല്യകാല കേളീ രംഗം എവിടെ.  രണ്ടാമത്തെ തട്ടിൽ ഇടത് ഭാഗത്തെ വാക മരവും അതിന് താഴെയുള്ള ചരൽ മൈതാനവും മനസ്സിൽ കാണാനാവും.

ആ വാകമരം എന്റെ ജീവിതത്തിൽ അടയാളമിട്ടാണ് പോയിരിക്കുന്നത്.  

‘പപ്പയെന്താണ് ആലോചിക്കുന്നത്. തോപ്പിലേക്കല്ലേ നമ്മൾ പോണത് ‘

ആലോചനക്കിടയിൽ എന്റെ നടത്തം എപ്പോഴോ  നിലച്ചു പോയിരുന്നു.



വിശാലമായി കിടന്നിരുന്ന ഭൂമി കൊച്ചു കൊച്ചു മതിലുകളാൽ വിഭജിച്ചിരിക്കുന്നു.  ചുറ്റിലും കൂറ്റൻ മതിലും ഉള്ളിലേക്കൊരു പ്രവേശന കവാടവും. പ്രവേശന കവാടം തുറക്കുന്നത് പുതിയ റോഡിൽ നിന്നാണ്.

കവാടത്തിന്റെ ഒരു വശത്തെ ബോർഡ് അപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്.  

‘Harsha Homes Land Pvt.Ltd.’



“പപ്പാ….” മോള് വീണ്ടും വിളിച്ചു.  



ഇവിടെ എന്റെ ഭൂത കാലം മരിച്ചു കിടക്കുന്നു.  ആ വാകമരവും എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു. മതിലിനുള്ളിലേക്ക് ഞാൻ ഏന്തിവലിഞ് നോക്കി.  അവിടെ പുതിയ കെട്ടിടത്തിന്റെ ഓരത്ത് ഇപ്പോൾ ഒരു ഗുൽമോഹർ മരം നിൽക്കുന്നുണ്ട്, നിറയെ ചുകന്ന പൂക്കളുമായി.  



“വാ മോളേ നമുക്ക് മടങ്ങാം “

“അപ്പൊ തോപ്പിലേക്ക് പോണില്ലേ “



ഇവിടയായിരുന്നു പപ്പയുടെ തോപ്പ്. പപ്പയുടെ മാത്രമെല്ല,  എല്ലാ കൂട്ടുകാരുടെയും തോപ്പ്. ഞങ്ങൾ വിലകൊടുത്ത് വാങ്ങിയതല്ലെങ്കിലും വിലമതിക്കാനാവാത്ത തോപ്പ്.  

ഇവിടെ ഞങ്ങളിരുന്ന് പാട്ട് പാടിയിട്ടുണ്ട്. നാടകം കളിച്ചിട്ടുണ്ട്.  

ഞങ്ങൾ ആൺ കുട്ടികളും പെൺ കുട്ടികളും ഒരുമിച്ചിരുന്ന് കഥകൾ പറഞ്ഞിട്ടുണ്ട്.  വധുവും വരനുമായി കല്യാണം കളിച്ചിട്ടുണ്ട്.

ഇവിടെ അടുത്തായിരുന്നു മീട്ടയുടെ വീട്. മീട്ടയും ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു.

വളരെക്കാലം മുംബൈയിലായിരുന്നു മീട്ടയുടെ അച്ഛനും അമ്മയും.  മലയാളികളാണെങ്കിലും പരസ്പരം കണ്ടതും വിവാഹിതരായതും അവിടെ വെച്ചായിരുന്നു.  മീട്ട ജനിച്ചപ്പോൾ കേരളത്തിലേക്ക് തിരിച്ചു പോന്നു. ഞങ്ങളുടെ സ്കൂളിൽ തന്നെയായിരുന്നു അവളും.  മഞ്ജുവിന് മീട്ട എന്ന വിളിപ്പേരുണ്ടെന്ന് ഞങ്ങളറിഞ്ഞത് അവളുടെ അമ്മ ഒരിക്കൽ ‘മീട്ടാ…’ എന്ന് നീട്ടി വിളിച്ചപ്പോളാണ്.  കല്യാണം കളിയിൽ അവളായിരുന്നു വധുവിന്റെ സ്ഥാനത്ത്. വരനായി സുരേഷ് അല്ലെങ്കിൽ മജീദ് എന്നിവരായിരുന്നു.

മുതിർന്ന ക്‌ളാസ്സുകളിലെത്തിയപ്പോൾ കുറേ കൂടി ഗൗരവക്കാരായി ഞങ്ങൾ.  വായന എന്നെപ്പോലെ അവൾക്കും ഇഷ്ടമായിരുന്നു. വായന ശാലയിൽ നിന്നും ഞാനെടുക്കുന്ന പുസ്തകങ്ങൾ അവൾ  കൂടി വായിച്ചേ തിരിച്ചു കൊടുക്കാറുള്ളൂ. വളരും തോറും ഞങ്ങൾ കൂടുതൽ അടുത്തുകൊണ്ടിരുന്നു.



മീട്ട ബഹൻ’ എന്ന് ആദ്യമായി അവളെ വിളിച്ചത് ഞാൻ തന്നെയായിരുന്നു.  



“മജീദിനും സുഹ്‌റക്കുമിടയിലെ വില്ലൻ,  സത്യത്തിൽ, ഹോൺ മുഴക്കിയ ബസ്സല്ലേ. യാത്രക്കൊരുങ്ങിയ മജീദിനടുത്തെത്തിയിട്ടും  അവളുടെ മൊഴി തടഞ്ഞത് ബസ്സല്ലേ . ബസ് അല്പം വൈകിയിരുന്നെങ്കിൽ ‘ബാല്യകാല സഖി’ യുടെ പര്യവസാനം മറ്റൊന്നാകുമായിരുന്നില്ലേ “

അവളുടെ ചോദ്യത്തിന്  ബേപ്പൂർ സുൽത്താന്റെ മറുപടിയെന്തായിരിക്കുമെന്നാണ് ഞാൻ അപ്പോൾ ചിന്തിച്ചത്.

പിന്നീടൊരിക്കൽ അവൾ ചോദിച്ചു.

“ഈ രവിയെന്തിനാ കട്ട വിണ്ടിടത്ത് തള്ള വിരൽ അമർത്തിയത്. അത് കൊണ്ടല്ലേ സർപ്പം കൊത്തിയത് “

നിഷ്ക്കളങ്കമായ ഇത്തരം സന്ദേഹങ്ങളാണ് മീട്ടയെ എന്നിലേക്കടുപ്പിച്ചത്.  

പിന്നെ ജോലി തേടി വിദേശത്തെത്തി. ആദ്യ രണ്ട് വർഷങ്ങൾ പിടിച്ച് നിൽക്കാനുള്ള ബദ്ധപ്പാടിലായിരുന്നു. ഇതിനിടയിൽ മീട്ട ബഹൻ വിവാഹിതയായി. മുബൈയിൽ തന്നെയുള്ള അച്ഛന്റെ ബന്ധുവായിരുന്നു വരൻ.  അവരോടൊപ്പം അച്ഛനും അമ്മയും പഴയ നഗരത്തിലേക്ക് തന്നെ ചേക്കേറി. ആദ്യത്തെ ലീവിന് നാട്ടിൽ വന്നപ്പോൾ സുരേഷ് പറഞ്ഞാണ് വിവരം അറിഞ്ഞത്.



മീട്ടയെ പിന്നെ ഞാൻ കണ്ടിട്ടില്ല. പക്ഷെ ഞങ്ങളുടെ ബന്ധത്തിന്റെ ഊഷ്മളത മനസ്സിൽ നിന്നവളെ കുടിയിറക്കിയില്ല.  

ആ ബന്ധത്തെ കുറിച്ച് ഞാൻ സുമിയോട് പറഞ്ഞിട്ടുണ്ട്.  ആരായിരുന്നു എനിക്ക് മീട്ട ബഹൻ? ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.  സ്നേഹബന്ധങ്ങൾ അങ്ങനെയാണ്. പറഞ്ഞറിയിക്കാനാവില്ല അതിന്റെ തീവ്രത, ഇഴയടുപ്പവും.

ഓരോ അവധിക്ക് നാട്ടിൽ വരുമ്പോളും ഈ സ്നേഹ ഭൂവിൽ വന്നിരിക്കാൻ കൊതിച്ചിട്ടുണ്ട്.  30ദിവസം.. ഏറിയാൽ 40ദിവസത്തെ ലീവ് ദിനങ്ങളിൽ ഒഴിവാക്കാനാവാത്ത ബന്ധുമിത്രങ്ങളുടെ കല്യാണങ്ങൾ,  വീടിരിക്കൽ തുടങ്ങിയ ചടങ്ങുകൾ ഉണ്ടാവും. അടുത്ത കാലത്തായി മോളുടെ ആഗ്രഹങ്ങളും നിറവേറ്റിക്കൊടുക്കേണ്ടി വരുന്നുണ്ട്.  അവളുടെ കൂട്ടുകാരികളും ഇതേ സമയം നാട്ടിൽ വന്നാൽ ആ വീടുകളിലും പോക ണം. അവരിങ്ങോട്ടും വരും. അപ്പോഴേക്കും ലീവ് തീർന്നിരിക്കും.  പിന്നെ പോകാനുള്ള തയാറെടുപ്പാണ്. അതിനിടയിൽ സ്വന്തമായുള്ള മോഹങ്ങൾക്ക് എന്നും അവധിയായിരുന്നു. ഇത്തവണ വീണ് കിട്ടിയ അധിക ദിനങ്ങൾ കോവിഡിന്റേതാണ്. എങ്കിലും കമ്പനിക്ക് വേണ്ടിയുള്ള  ‘വർക് ഫ്രം ഹോം ‘ ഡ്യൂട്ടിക്കിടെ സമയം കണ്ടെത്തിയതാണ് ഞാൻ.

മോളോടെന്ത് പറയുമെന്ന ഒറ്റ ചിന്തയിലാണ് തിരിച്ച് നടന്നത്.



“സാരമില്ല  പപ്പ. എനിക്ക് മനസ്സിലാകും. വളരെ കാലായില്ലെ ഇങ്ങോട്ടൊക്കെ വന്നിട്ട്.  എന്നും പഴേ പോലെ ആവില്ല്യല്ലോ. ദുബായിലും ഇങ്ങനെത്തന്നെ അല്ലേ. ഒരു സ്ഥലത്ത് പോയി തിരിച്ചു വന്ന് കുറേ കാലം  കഴിഞ് വീണ്ടും അവിടെ ചെല്ലുമ്പോ ഈ അനുഭവം അവിടെം ഉണ്ടായിട്ടുണ്ടല്ലോ”



ശരിയാണ്.

പക്ഷെ മറക്കാൻ കഴിയാത്ത വികാരമാണ് സ്നേഹബന്ധങ്ങളും അവ പിച്ച വെച്ച ഇടങ്ങളും.  എല്ലാവരും ശരിയായി മനസ്സിലാക്കിക്കൊള്ളണമെന്നില്ല.



“വിചാരിച്ചതിലും നേരത്തെ തിരിച്ചെത്തി യല്ലോ  പപ്പയും മോളും “

അതിന് ചെവി കൊടുക്കാതെ ബാത്ത് റൂമിൽ കയറി  തണുത്ത വെള്ളം കോരി മുഖത്തേക്കൊഴിച്ചു. കുറേ നേരം കണ്ണാടിയിൽ നോക്കി നിന്നു.



മാസാന്ത്യമായതിനാൽ ഓഫിസ് ജോലി കൂടുതലായിരുന്നു. അത്താഴ ശേഷവും കുറച്ച് നേരം ലാപ് ടോപിന് മുന്നിലിരിക്കേണ്ടി വന്നു.  അപ്പോഴേക്കും സുമി ഉറങ്ങിക്കാണുമെന്നാണ് വിചാരിച്ചത്. ശബ്ദമുണ്ടാക്കാതെ കിടക്കയിൽ കിടന്നു. പതിവില്ലാതെയുള്ള സുമിയുടെ തേങ്ങൽ അലോസരപ്പെടുത്തി.  



രാവിലെ വൈറസിനെ കുറിച്ച് പറഞ്ഞപ്പോൾ ഞാൻ ഊഹിച്ചതാ. അവളൊന്നും മറന്നിട്ടില്ലെന്ന്. ആർക്കും ആരെയും പൂർണമായി മനസ്സിലാക്കാൻ കഴിയില്ല.

ഇല്ല സുമി.. ഇനി ഞാനാവഴിക്ക് പോകില്ല. പോയിട്ട് കാര്യമില്ല. എന്റേതായൊന്നും അവിടെയില്ല. പോകേണ്ടായിരുന്നെന്ന് ഇപ്പോഴാണോർത്തത്. പഴയ ഓർമ്മകൾ ഇടക്കിടെ മനസ്സിൽ വരയ്ക്കുന്ന ചിത്രങ്ങൾ മാത്രം മതിയായിരുന്നു. ഇനി ആ ചിത്രങ്ങൾക്ക് പകരം തെളിഞ്ഞു വരുന്നത് ‘ഹർഷ ഹോംസ്  ലാൻഡ്’ ആയിരിക്കുമല്ലോ.



മീട്ട എനിക്കാരായിരുന്നെന്ന്

പലവട്ടം ഞാൻ പറഞ്ഞതാണ്. നിധി കുംഭങ്ങൾ തേടി ഞാനെവിടെയും പോയിട്ടില്ല.  പൗലോ പറഞ്ഞത് പോലെ എന്റെ നിധി എന്റെ കാൽച്ചുവട്ടിൽ തന്നെയെന്ന് ഞാൻ വിശ്വസിക്കുന്നു. നീയും  നമ്മുടെ മോളും.



പതിയെ അവളുടെ തേങ്ങൽ നേർത്തു നേർത്തില്ലാതായി. ചൂടുള്ള നിശ്വാസങ്ങൾ  മുഖത്ത് വീണപ്പോൾ ഞാൻ അവളുടെ കൈകൾ ചേർത്ത് പിടിച്ച് ചുംബിച്ചു.

#

ബഷീർഹസ്സൻ  തട്ടത്താഴത്ത്

Tuesday, 8 September 2020

കുഞ്ഞീതു മുക്രി

  

കുഞ്ഞീതു മുക്രി


ഓത്തു പള്ളിയിലായിരുന്നപ്പോൾ  കുഞ്ഞീതുവിന് പത്തു വയസ്സ് പ്രായമായിരുന്നു. അന്ന് മുതലേയുള്ള ബന്ധമാണ് പള്ളിയുമായി.  ഉസ്താദിനുള്ള ഭക്ഷണം പള്ളിയിലെത്തിക്കുന്ന പണിയായാണ് തുടങ്ങിയത് . കോയുണ്ണി ഹാജിയുടെ ടെയും മാമു ഹാജിയുടെയും പുരയിൽ നിന്നായിരുന്നു ഉസ്താദിനുള്ള ഭക്ഷണം.

ഉസ്താദ് ഭക്ഷണം കഴിച്ച് നീക്കി വെക്കുന്ന പാത്രത്തിൽ ചോറും കറിയും  എന്നും കുറച്ച് ബാക്കി ഉണ്ടായിരിക്കും .തനിക്കായി മാറ്റിവെക്കുന്നതാണോ ? അതോ ബാക്കിയാവുന്നതാണോ ?


രാവിലെ ഓത്തുപള്ളിയിൽ പോയി ഓതി പഠിക്കണം. അത് കഴിഞ്ഞാൽ ഉസ്താദി നൊപ്പം പള്ളിയിൽ എത്തും.  അപ്പോഴേക്കും ളുഹർ ബാങ്കിന് സമയമായിരിക്കും. അന്ന് കുഞ്ഞീതുവിന്റെ ബാപ്പയായിരുന്നു പള്ളി മുക്രി.  അഞ്ചു നേരം ബാങ്ക് വിളിക്കുന്നതും പള്ളി അടിച്ചു വാരി വൃത്തിയാക്കുന്നതും ബാപ്പയുടെ പണിയായിരുന്നു.  


ഒരു ദിവസം ബാപ്പതന്നെയാണ് പറഞ്ഞത്


“ കുഞ്ഞീതൂ…. ഓത്ത് കയ്ഞ്ഞാ ഉസ്താദിന്റൊപ്പം പള്ളിക്ക് പോരെ. ബാപ്പണ്ടാവും ആടെ.. “


തട്ട് തൂക്ക് പാത്രം കൈയിൽ തന്ന് ബാപ്പയാണ് കോയുണ്ണി ഹാജിയുടെ വീട്ടിലേക്ക് ആദ്യമായി പറഞ്ഞയച്ചത്.

“ ഇജ്ജേതാ  മാനെ… “ ഹാജിയാർ സ്നേഹത്തോടെ ചോദിച്ചു.

“മുക്രിക്കാടെ  മോനാ .. “

കേട്ടപ്പോൾ ഒന്ന് ചിരിച്ചു.

 “ഓതാൻ പോണില്ല്യേ…. ബാപ്പാന്റെ പിറ്റേ കാലം ഒരാള് വേണ്ടേ.. ‘

ബാപ്പായോടൊപ്പം നിന്ന് ബാങ്ക് വിളിക്കാനും പള്ളി വൃത്തിയാക്കാനുമൊക്കെ പഠിച്ചു.   ബാപ്പയുടെ ജോലി ഒരു നിയോഗമായി കുഞ്ഞീതുവിലേക്ക് പകർന്നു കിട്ടുകയായിരുന്നു. അങ്ങനെ മഹല്ല്  കാരുടെ  ‘ മുക്രി ’ യായി.


ഇപ്പോൾ  എൺപത് പിന്നിട്ടിരിക്കുന്നു.  വീട്, പള്ളി.. അതിനപ്പുറം ഒരു ലോകം കുഞ്ഞീതു  മുക്രി കണ്ടിട്ടില്ല.   മുറ തെറ്റാതെ ജീവിതം മുന്നോട്ട് നീങ്ങുന്നു.


ഫജ്ർ സാദിഖ് വെളിപ്പെടും മുമ്പേ  ഉണർന്ന് പള്ളിയിലേക്കുള്ള നടത്തം, മുനിഞ് കത്തുന്ന റാന്തൽ വിളക്കിന്റെ അരണ്ട വെളിച്ചത്തിലായിരുന്നു.


ഹൗളിൽ വെള്ളം നിറക്കുന്നത് മുതൽ ഒരു  ദിനം ആരംഭിക്കുന്നു.  കറന്റും മോട്ടോറുമൊക്കെ വരുന്നതിന് മുമ്പ് കിണറിൽ നിന്ന് കോരി നിറക്കണമായിരുന്നു.   ഓരോ കൊട്ടയും എണ്ണിയാണ് ഒഴിക്കുക.  കൃത്യമായ എണ്ണത്തിൽ ഹൗള് നിറഞ്ഞിരിക്കും. അപ്പോഴേക്കും സുബഹ് ബാങ്കിന് സമയമാകും . ബാങ്ക് വിളിക്കാനായി മുകളിൽ പ്രത്യേകം തയ്യാറാക്കിയ  തുറസ്സായ ഭാഗമുണ്ട്. മര ഗോവണി കയറിച്ചെന്ന് ആവുന്നത്ര  ഉച്ചത്തിൽ വിളിക്കണം.


‘അസ്സലാത്തു ഹൈറും മിനന്നൗമ് ‘

( ഉറക്കത്തേക്കാൾ ശ്രേഷ്ഠമാണ് നമസ്കാരം)

ആ വിളിയിലെ സായൂജ്യം ഏത്ര അനുഭവിച്ചതാണ്.


കാലം ഏത്ര വേഗത്തിലാണ് കടന്നു പോയത്.  പള്ളിയിൽ കറന്റു വന്നു. വെള്ളമെടുക്കാൻ പമ്പ് സെറ്റ് വെച്ചു.  പള്ളി തന്നെ പുതുക്കി പണിതു. ദർസിൽ പഠിക്കുന്ന മുത്ത‘അല്ലിങ്ങൾക്ക് വേണ്ടി കാന്റീൻ തുടങ്ങി. പ്രായമായി വരുന്ന കുഞ്ഞീത് മുക്രിയുടെ ജോലികളും എളുപ്പമായി.


നാലു പെണ്മക്കളെ പടച്ചവന്റെ കൃപ കൊണ്ട്  കെട്ടിച്ചയച്ചു. അല്ലലില്ലാതെ മുന്നോട്ട് പോകുന്നതിനിടയിലാണ്  റബ്ബുൽ ആലമീനായ തമ്പുരാൻ ബീവാത്തുവിനെ തിരിച്ചു വിളിച്ചത്. അവളുടെ മയ്യിത്തിനോടൊപ്പം പള്ളിപ്പറമ്പിൽ എത്തിയ കുഞ്ഞീതു മുക്രി  പിന്നെ തിരിച്ചു പോയില്ല.  ബീവാത്തു ഇല്ലാത്ത ആ വീട്ടിൽ എന്തിന് പോകണം.


“ അല്ലാഹുമ്മ ഇഗ്ഫിറലുഹാ…. … “ (അല്ലാഹുവേ പൊറുത്തു കൊടുക്കണേ)   മൂട് കല്ലുകൾക്ക് മീതെ മണ്ണ് കിളച്ചിടുമ്പോൾ ഇട നെഞ്ച് പൊട്ടിയാണ് ഉറക്കെ പ്രാർത്ഥിച്ചത്. ആ പ്രാർത്ഥന പത്ത് കൊല്ലമായി തുടരുകയാണ്.  പള്ളിയും പള്ളിപ്പറമ്പും വിട്ട്  പിന്നെ എങ്ങും പോയിട്ടില്ല.


ബാപ്പയും   ഉമ്മയും  നാലു മക്കളുടെ പുന്നാര ഉമ്മയായ ബീവാത്തുവും ഉറങ്ങുന്ന പള്ളിപ്പറമ്പ് വിട്ട് എങ്ങോട്ട് പോകാൻ.  


അഞ്ച് നേരവും ഉസ്താദിന് പിറകിൽ നിന്ന് മഹല്ലിലെ കാരണവന്മാർക്കൊപ്പം നിസ്കാരം. പിന്നെ ഖുർആൻ പാരായണം. അത് മതിയായിരുന്നു ജീവിതം മുന്നോട്ട് പോകാൻ.


പൊടുന്നനെയാണ് ജീവിതം മാറി മറിഞ്ഞത്. പള്ളിയിലേക്ക് ആരെയും കാണുന്നില്ല.  ദർസിലെ കുട്ടികൾ അവരുടെ വീടുകളിലേക്ക് തിരിച്ചു പോയിരിക്കുന്നു. അവർക്കുള്ള  കാന്റീനിൽ തീയും പുകയും കാണുന്നില്ല. വീട്ടിൽ പോയിരുന്ന ഉസ്താദ്  എന്ന് തിരിച്ചു വരുമെന്ന് അറിയില്ല.

കുഞ്ഞീതു മുക്രിയുടെ ജീവിതത്തിന് താള ഭംഗം  വരുവാൻ അധിക നാൾ വേണ്ടി വന്നില്ല.

അയാൾ  വിളിക്കുന്ന ബാങ്കിന് ഉത്തരമില്ലാതായി.   ഉസ്താദിന് പിറകിൽ നിന്ന് കൊണ്ടുള്ള നിസ്കാരം നിലച്ചിരിക്കുന്നു.  മരണാനന്തര ചടങ്ങുകൾക്ക് പോലും ആളുകളില്ല.  കുഞ്ഞീതു മുക്രി അയാൾക്ക്‌ തന്നെ അപരിചിതനായിരിക്കുന്നു.


ഓരോ ഖബ്ർ കുഴിക്കുമ്പോളും കുഞീതു  മുക്രി  അരികിലെത്തുക പതിവായി.

“കുഞ്ഞാല്യേ…. നീളം കുറക്കണ്ട ട്ടോ.. “

ആദ്യമൊന്നും കുഞ്ഞാലി കാര്യമാക്കിയില്ല.

അടുത്ത തവണയും ആവർത്തിച്ചു.

“ കുഞ്ഞാല്യേ.. കൊറഞ്ഞിട്ടുണ്ട് ട്ടോ.. ‘

ഈ മുക്രിക്കാക്ക് എന്തിന്റെ സൂക്കേടാ.. “

കുഞ്ഞാലി സന്ദേഹപ്പെട്ടു.

പള്ളിച്ചുമരിൽ ആണികളടിച്ചു തൂക്കിയിട്ടിരുന്ന ദസ് വി മാലകൾ കുഞ്ഞീതു മുക്രി  കഴുത്തിലും ഇരു കൈപ്പടത്തിലും എടുത്തണിഞ്ഞു. കഴുകി വെക്കാൻ മറന്ന പാത്രങ്ങളിൽ   ഉറുമ്പുകൾ വട്ടമിട്ടു.

ഒരു നാൾ ഫജ്ർ സാദിഖ് വെളിപ്പെടും മുമ്പേ കുഞ്ഞീതു മുക്രി പള്ളിയുടെ വാതിലുകൾ ഓരോന്നായി മലർക്കെ തുറന്നിട്ടു. ഹൗളിലും ടാങ്കിലും വെള്ളം നിറച്ചു. മിമ്പറിലും മിഹ്റാബിലും ചന്ദനത്തിരികൾ കത്തിച്ച് വെച്ചു.  

“കുഞ്ഞീതേ…. “   മധുരമായ ശബ്ദത്തിൽ ആരോ നീട്ടിവിളിക്കുന്നു.

കുഞ്ഞീതു മുക്രി തന്റെ  പഴയ റാന്തൽ വിളക്കെടുത്ത്  തിരി കൊളുത്തി. പള്ളി വിട്ടിറങ്ങി.

‘ മുക്രി പട്ടം’   പള്ളിയിലേക്കുള്ള  വഴിയിലെവിടെയോ അഴിഞ്ഞു വീണു. കുഞ്ഞീതുവിന്റെ മനസ്സിനുള്ളിൽ കുന്തിരിക്കം പുകഞ്ഞു. പുകച്ചുരുളുകൾ കുഞ്ഞീതുവിനെ പള്ളിപ്പറമ്പിലേക്ക് ആനയിച്ചു.


ബാപ്പയുടെയും തൊട്ടരികിലെ ഉമ്മയുടെയും ഖബ്റിടങ്ങളിലേക്ക്  ആരോ നയിച്ചു.

“ഇന്നാ ഇൻ ശാ അല്ലാഹ് ബിക്കും ലാഹിക്കൂൻ “ ( അള്ളാഹു ഉദ്ദേശിക്കുമ്പോൾ നിശ്ചയമായും  ഞാനും നിങ്ങളോടൊപ്പം ചേരേണ്ടവനാണ് ) കുഞ്ഞീതു ഒരു കുഞ്ഞിനെ പോലെ പൊട്ടിക്കരഞ്ഞു.

ലോലമായൊരു കാൽ പെരുമാറ്റം  അടുത്തു വരുന്നത്  പോലെ അനുഭവപ്പെട്ടു. അയാളെ  ഒരു കാറ്റല കോരിയെടുത്തു ബീവാത്തുവിന്റെ കബ്റിടത്തിൽ കൊണ്ടിട്ടു.  

അപ്പോൾ കുഞ്ഞീതുവിന് അത്തർ മണത്തു.

ഇടനെഞ്ചിൽ നിന്നൊരു ഇണക്കിളിയുടെ കുറുകൽ കേട്ടു.

‘ ബിക്കും ലാഹിക്കൂൻ… ‘ കുഞ്ഞീതു  മൊഴിഞ്ഞു.

പുലരിക്കും ഉദയത്തിനുമിടയിൽ ഫജ്ർ ബാങ്കൊലിക്ക് പകരം പള്ളി മിനാരങ്ങളിൽ ചേക്കേറിയ പ്രാക്കൂട്ടങ്ങളുടെ  കലമ്പലുകൾ ഉയർന്നു. പുതിയ ഖബ്റിനായി പൂർത്തിയാക്കി വെച്ച കുഴിയുടെ അടുത്തേക് കുഞ്ഞീതു മുക്രി നടന്നു നീങ്ങി.  ഊർന്നിറങ്ങി  ഖബ്റിനടിയിൽ മലർന്ന് ‌ കിടന്നു. പഴയ റാന്തൽ വിളക്ക് കിളച്ചിട്ട പുതു മണ്ണിനു മുകളിൽ കരിന്തിരി കത്തി.



# ബഷീർ ഹസ്സൻ തട്ടത്താഴത്ത്



മുക്രി - പള്ളിയിൽ ബാങ്ക് വിളിക്കുന്നതിനും  മറ്റുമുള്ള ആൾ

ഫജ്ർ സാദിഖ് -   ഉദയത്തിന് മുമ്പുള്ള പുലരി വെട്ടം

ഹൗള് -  അംഗ ശുദ്ധി വരുത്തുന്നതിനുള്ള ജല സംഭരണി

റബ്ബുൽ ആലമീൻ- ലോക രക്ഷിതാവ്

മൂട് കല്ലുകൾ - ഖബ്ർ മൂടുന്നതിനുള്ള കല്ലുകൾ

ദർസ് -പഠനം

മിഹ്റാബ് - പ്രാർത്ഥനാ മണ്ഡപം

മിമ്പർ - പ്രസംഗ മണ്ഡപം

ദസ്‌വി -ജപ മാല

മുത്ത’അല്ലിം - വിദ്യാർത്ഥി












Tuesday, 10 March 2020

മരു വസന്തങ്ങൾ :

മരുവസന്തങ്ങളായി ഏഴ്‌ ഇമാറത്തുകളിലും വിസ്മയങ്ങൾ തുറന്നു  വെച്ചിരിക്കുന്നു,  മണൽ കുന്നുകൾ ഉണ്ടാക്കുകയും ധൂളികളായി പറത്തുകയും ചെയ്യുന്ന മരുക്കാറ്റിന്റെ നാട് !

കഴിഞ്ഞ ജനുവരി -ഫെബ്രുവരി മാസങ്ങളിലായി ഇവിടെ സന്ദര്ശിക്കുവാനും കാഴ്ചകൾ ആസ്വദിക്കാനും അവസരമുണ്ടായി. 
 ചുരുങ്ങിയ ദിനങ്ങളിൽ എല്ലായിടത്തും എത്തുവാൻ കഴിഞെന്ന അവകാശ വാദമില്ല. എങ്കിലും കണ്ട കാഴ്ചകൾ മനോഹരമെന്നും കാണാൻ ബാക്കിവെച്ചത് അതിമനോഹരമെന്നും പറയട്ടെ.   അവധി ദിനങ്ങൾ  ഇമാറത്തുകളുടെ  സന്ദർശനത്തിനു മാറ്റി വെച്ചു.  മറ്റു വൈകുന്നേരങ്ങൾ ദുബായ് നഗരത്തിലെ വിവിധ കാഴ്ചകൾക്കും.   മനസ്സിൽ കുറിച്ച് വെച്ച വരികളുടെ സമാഹാരമാണ് ‘മരു വസന്തങ്ങൾ’.

ദുബായ്‌ മാൾ:
ദുബായ്‌ നഗരത്തിന്റെ ഹൃദയമാണു ദുബായ്‌ മാൾ. ആയിരക്കണക്കിനു റിട്ടെയിൽ ഷോപ്പുകളും ഹോട്ടലുകളും വിനോദ കേന്ദ്രങ്ങ്ളും  അടങ്ങിയ ഒരു വിസ്മയ നഗരമാണു ദുബായ്‌ മാൾ. മിഡിൽ ഈസ്റ്റിലെ ഏറ്റവും ഉയരമുള്ള ബുർജ്ജ്‌ ഖലീഫ ടവർ തൊട്ടടൂത്ത്‌ നിലകൊള്ളുന്നു. കൃത്രിമ തടാകത്തിലെ ജലധാര സംഗീതത്തിനൊപ്പിച്ച്‌ താളാത്മകമായി ചലിക്കുന്ന കാഴ്ച നയനാനന്ദകരമാണു.
ആഴക്കടലിന്റെ പരിഛേദമായ അക്വറിയം ഒരു വിസ്മയമാണു. നൂറുകണക്കിനു കടൽ മീനുകളും സമുദ്ര സസ്യങ്ങളും അടങ്ങിയ അക്വേറിയം ആഴക്കടലിന്റെ ഭംഗിയും വിസ്മയവും സമ്മാനിക്കുന്നു. ഇതുവരെ നാം കണ്ടിട്ടില്ലാത്ത വിവിധയിനം കടൽ മത്സ്യങ്ങളും മറ്റ്‌ ജീവികളും കടലിന്റെ അടിത്തട്ടിലെന്നപൊലെ കാണാൻ കഴിയുന്നുവെനതാണു ഇതിനെ വ്യത്യസ്തമാക്കുന്നത്‌.

കടലിലേക്കെന്ന പോലെ ആഴങളിലേക്ക് ഊളിയിട്ട് പോയി കടലിന്റെ അപാരത ആസ്വദിക്കുവാൻ സാഹസികത ഇഷ്ട്ടപ്പെടുന്നവർക്ക് സൗകര്യമൊരുക്കിയിട്ടുണ്ട് ഇവിടെ.

ദുബായ് ക്രീക്ക് ഹാർബറിൽ പണി പുരോഗമിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ടവറിന്റെ മാതൃക ദുബായ് മാളിൽ പ്രദര്ശിപ്പിച്ചിട്ടുണ്ട്.  1300മി ഉയരത്തിൽ 2021ൽ ദുബായ് ക്രീക്ക് ടവർ നിർമാണം പൂർത്തിയാവുമെന്ന് പ്രതീക്ഷിക്കുന്നു.

Friday, 26 December 2014


BC യും AD യും അതിനിടയിലെ കൃസ്തുവും.
 
BC കൃസ്തുവിനു മുമ്പുള്ള കാലഘട്ടവും AD കൃസ്തുവിന്റെ മരണ ശേഷമുള്ള കാലഘട്ടവുമാണെങ്കിൽ കൃസ്തു ജീവിച്ചിരുന്ന കാലഘട്ടത്തെ എങ്ങനെയാണു രേഖപ്പെടുത്തേണ്ടത്?
Anno Dommini (AD)  എന്ന ലാറ്റിൻ വാക്കിനു After the year of his birth(ജനനത്തിനു ശേഷമുള്ള കൊല്ലം)  എന്നാണത്രെ  അർത്ഥം! BC ജനനത്തിനു മുമ്പുള്ള ഘട്ടമാണെങ്കിൽ ഇവക്കു രണ്ടിനുമിടയിൽ ഒരു കൊല്ലം , അതായത് കൃസ്തു ജനിച്ച കൊല്ലം കണക്കാക്കാതെ പോയിരിക്കുന്നു. ആ കാലം BC യൊ AD യൊ അല്ല. ‘0’ ആയിരിക്കും.

Anno Dommini ക്കു in the year of our Lord എന്നും അർത്ഥം കാണുന്നു. ഇതാണു ശരിയെങ്കിൽ കൃസ്തുവിന്റെ ജനനത്തിനു ശേഷം ഏതു കൊല്ലമായും ഇതിനെ വ്യാഖ്യാനിക്കാം. കാലം വിഭജിക്കപ്പെടുന്നത് കൃസ്തുവിന്റെ ജനനത്തെ ആസ്പദപ്പെടുത്തിയാണന്ന് പറയാറുണ്ടെങ്കിലും  മറ്റു വിശ്വാസങ്ങൾ പരിഗണിക്കുമ്പോൾ ഏറ്റവും ഉചിതമായതും വിശ്വാസയോഗ്യമായതുമായ പ്രയോഗം Before Common Era (BC) എന്നും Common Era (CE) എന്നുമാണു. ഇന്നു നാം പിന്തുടരുന്ന കലണ്ടർ ആസ്പദമാക്കി കൃസ്തു ജനിച്ച കൊല്ലമോ തിയതിയൊ കൃത്യമായി കണ്ടെത്താൻ കഴിയില്ല. കാരണം കൃസ്തുവിന്റെ ജീവിതകാലം വരെ ആധുനിക കലണ്ടർ രൂപപ്പെടുകയോ അംഗീകരിക്കുകയൊ ഉണ്ടായിട്ടില്ല. പിന്നെ എങ്ങനെയാണു കൃസ്തു ജനിച്ചത് ഡിസംബർ 25 നാണെന്ന് സ്ഥാപിക്കപ്പെട്ടത്.  ജനിച്ച കൊല്ലം ഏതാണെന്നതിനു ഒരു രേഖയും ലഭ്യമെല്ല.

സങ്കുചിത മതതാത്പര്യമാണു ആഗോള കലണ്ടറിനെ ഹൈ ജാക്ക് ചൈത് മാനവകുലത്തിനുമേൽ അടിച്ചേൽപ്പിക്കുന്നതെന്ന് പുതുവർഷവും കൃസ്തുമസും ആഘോഷിക്കുന്ന മതേതരന്മാർ എന്നാണു തിരിച്ചറിയുക!

Wednesday, 17 September 2014



    വിശ്വാസങ്ങൾ മദ്യവിമുക്തമാക്കാനാവുമോ?


ഉജ്ജയനിലൊരു ക്ഷേത്രമുണ്ട്. കാലഭൈരവനാഥനാണവിടുത്തെ പ്രതിഷ്ഠ. ഇവിടുത്തെ പ്രസാദം മദ്യമാണു. ഭക്തർ മദ്യക്കുപ്പികളുമായാണത്രെ അമ്പലത്തിലെത്തുക. വിഗ്രഹത്തിന്റെ വായിലേക്കു മദ്യം അവർതന്നെ ഒഴിച്ചുകൊടുക്കും. ഒരുതുള്ളി പോലും കളയാതെ എല്ലാം ഭൈരവൻ അകത്താക്കും.! വിഗ്രഹം മദ്യം സേവിക്കുന്നതിന്റെ ഗുട്ടൻസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതിന്നും ‘അത്ഞാതമത്രെ.’

ഗൂഗിൾ അമ്മാമനാണു ഈ വിവരമെനിക്കു വെളിപ്പെടുത്തിയതു. ഞാനെന്തിനീ രഹസ്യം തേടിപ്പോയെന്നു സംശയിക്കുന്നവരുണ്ടാവാം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകീട്ട് ഞാനെന്റെ കലാലയ സുഹൃത്തുക്കളുമായി ഒത്തുകൂടി. ഞങ്ങളിലൊരാളുടെ മകന്റെ കല്യാണ സൽക്കാരത്തിനു. കൊച്ചു കൊച്ചു ഫ്ലാഷ് ബാക്കുകളും ആനുകാലികങ്ങളുമായി ‘ബോധധാരാ’ സമ്പ്രദായത്തിലൂടെയായിരുന്നു ചർച്ചകൾ. കൂട്ടത്തിൽ മദ്യനിരോധനവും വിഷയീഭവിച്ചു.

‘ബഷീർ മദ്യപിക്കാത്തത് മതം വിലക്കുന്നതു കൊണ്ടാണു. ഞങ്ങളുടെ ദൈവങ്ങൾ തന്നെ കുടിയന്മരാണു. പിന്നെ അവരെ ആരാധിക്കുന്ന ഞങ്ങൾ എന്തിനു കുടിക്കാതിരിക്കണം?’ ഇതുവരെ മദ്യം കഴിച്ചിട്ടില്ലാത്ത എന്റെ സതീർത്ഥ്യയന്റെ വാക്കുകൾ കേട്ടു ഞാനമ്പരന്നു.

ഹിന്ദു ദൈവങ്ങൾ അത്തരക്കാരണോ? ഇതറിയാനാണു ഞാൻ ഗൂഗിൾ അമ്മാമനെ സമീപിച്ചത്. മദ്യത്തിനൊ സമാനമായ മയക്കു മരുന്നുകൾക്കോ അടിമയാകുന്നതു ഹിന്ദുമതാചരങ്ങൾക്ക് എതിരാണെന്നും ഇതു പാപമായാണു പരിഗണിക്കുന്നതെന്നുമാണു ആദ്യമേ കിട്ടിയ വിവരം. അതിനു താഴെയാണു കാലഭൈരവനെ പരിചയപ്പെടുത്തുന്നതു.

വിശാലമായ കവുങ്ങ് തോപ്പായിരുന്നു എന്റെ ഉമ്മ വീടിന്റെ പിൻ ഭാഗം. അതിന്റെ ഒരറ്റത്ത് വെട്ടുകല്ലുകെട്ടിയുണ്ടാക്കിയ ഒരു തറ ഉണ്ടായിരുന്നു. മണ്ണുകൊണ്ടും കല്ലുകൊണ്ടും ഉണ്ടാക്കിയ ചില രൂപങ്ങൾ ആ തറയിൽ എന്റെ കുട്ടിക്കാലത്തു കണ്ടിട്ടുണ്ട്. വർഷത്തിലൊരിക്കൽ പുലയ വിഭാഗക്കാരായ ചിലർ വന്ന് ഈ രൂപങ്ങൾക്ക് മേൽ മദ്യമൊഴിക്കും. കയ്യിലുള്ള പൂവൻ കോഴിയുടെ കഴുത്തറത്തു ചോരയും ചീറ്റിക്കും. വീട്ടുമൃഗങ്ങളെ രോഗികളാക്കുന്നതും മടിയന്മാരാക്കുന്നതുമായ പിശാചുക്കളൊ ദുർദൈവങ്ങളൊ ആണത്രെ ഇവർ. ദൈവങ്ങളിലും ദുർനടപ്പുകാരൊയെന്നു ഞാൻ ആശ്ചര്യപ്പെട്ടിട്ടുണ്ട്. എന്തായാലും ഇവരെ തൃപ്തിപ്പെടുത്താൻ പുലയർ തന്നെ വേണം. നോക്കൂ നിങ്ങൾ. ദുർദേവന്മാരേയും ദേവതകളേയും പിശാചുക്കളേയുമെല്ലാം അധ:സ്ഥിത വർഗത്തോടാണു നാം ചേർത്തുവെക്കുന്നതു. ഒരു വരേണ്യ വർഗക്കാരനായവനും ഇടക്കിടെ ശല്യം ചെയ്യാനെത്താറുണ്ട്. രക്ഷസ്സ്. ഇയാളെ തളക്കാൻ സാക്ഷാൽ ബ്രാഹ്മണൻ തന്നെ വരണം. ഈ വരേണ്യവർഗക്കാരനായ രക്ഷസ്സ് ദൈവമാണോ പിശാചാണോ എന്നെനിക്കറിയില്ല. എന്തായാലും ഇയാൾ മദ്യപിക്കുന്നത് ഞാൻ കണ്ടിട്ടില്ല. നോക്കൂ മദ്യവും ഇവിടെ ചേർത്തു വെക്കുന്നത് അധ:സ്ഥിതരോടൊപ്പമാണു.

കാലഭൈരവനേയും മദ്യത്തേയും കുറിച്ചു പറഞ്ഞപ്പോൾ മദ്യസേവയിലൂടെയുള്ള പഴയകാല അനുഷ്ഠാനങ്ങൾ ഓർമയിൽ വന്നതാണു. യാഗങ്ങൾക്കു കാർമികത്വം വഹിക്കുന്നതു ബ്രാഹ്മണരാണു. യാഗങ്ങൾക്കുപയോഗിക്കുന്ന സോമരസം ഒരർഥത്തിൽ ലഹരിപകരുന്നതാണു. ബുദ്ധ ഭിക്ഷുക്കൾ അമൃതം എന്നൊരു ലായനി ഉപയോഗിക്കാറുണ്ടത്രെ. ഇതും ലഹരി പകരുന്നതാണു. ഒരു ഭൈരവൻ മാത്രമെല്ല വേറെ പലദൈവങ്ങളും മദ്യത്തോടു വിരോധമില്ലാത്തവരാണെന്നു നമുക്കറിയാം. ചുരുക്കത്തിൽ നമ്മുടെ അനുഷ്ഠാനങ്ങളും ആചാരങ്ങളും ദൈവങ്ങളും മദ്യവിമുക്തമെല്ലെന്നു വ്യക്തം.

ഒരു സാധാരണക്കാരന്റെ വ്യക്തിജീവിതത്തിൽ നിന്നും മദ്യത്തെ അകറ്റി നിറുത്തുവാൻ പടിപടിയായി കഴിഞ്ഞെന്നു വരാം. പക്ഷെ, അയാളുടെ വിശ്വാസങ്ങളെ മദ്യവിമുക്തമാക്കുവാൻ നമുക്കാവുമൊ?
 

Monday, 1 September 2014



 മഴയെക്കുറിച്ചുതന്നെ—വീണ്ടും

മഴപെയ്യാൻ മടിച്ചാണു ഇക്കൊല്ലം കാലവർഷം തുടങ്ങിയതെങ്കിലും ക്രമേണ കനപ്പെടുകയും കിട്ടേണ്ടുന്ന മഴ ലഭിക്കുകയും ചൈയ്തിരിക്കുന്നു. ഡാമുകളിലെല്ലാം ജലനിരപ്പു പരമാവധിയെത്തി. പത്തു ജില്ലകളിൽ സധാരണത്തേക്കാൾ കൂടുതലും ലഭിച്ചിട്ടുണ്ടെത്രെ. പാലക്കാടു ജില്ലയിൽ മാത്രം ആറു ശതമാനം കൂടുതലാണത്രെ കിട്ടിയ മഴ.

 മഴവെള്ളമെല്ലാം സർവം സഹയായ ഭൂമി പിൽകാലത്തേക്കായി സംഭരിച്ചുവെക്കുകയാണു നമ്മുടെ നാട്ടിലെ രീതി. കിണറുകളും കുളങ്ങളും കായലുകളും അടുത്ത കാലവർഷം വരെ വെള്ളം ആവശ്യാനുസരണം നമുക്കു തന്നുകൊണ്ടേയിരുന്നു. പുതുതായി കുഴിക്കുന്ന കിണറുകളും കുളങ്ങളും നമുക്കായി വെള്ളം തന്നുകൊണ്ടിരുന്നു. 
 കുറച്ചുകാലമായി ഈ രീതിക്കൊരു മാറ്റം വന്നിട്ടുണ്ടോ? മഴയൊഴിഞ്ഞു അധികകാലമാവും മുമ്പേ കിണറുകളും കുളങ്ങളും കായലും പുഴയും കാലിയാവുന്നു! പിന്നെ വറുതിയുടെ ദിനങ്ങൾ. അടുത്ത കാലവർഷത്തിനായി വേഴാമ്പലിനെപ്പോലെ കാത്തിരിപ്പു. ഭൂഗർഭജലം ഊറ്റിയെടുക്കുവാൻ മലയാളി ശ്രമിച്ചതപ്പോഴാണു. പിന്നേയുമുള്ള ശ്രമത്തിലാണു ‘മഴവെള്ള സംഭരണി’യെ മലയാളി പരിചയപ്പെടുന്നതു. മലയാള ഭൂമിയുടെ ധർമം ആരാണപഹരിച്ചത്?  അതോ നമ്മുടെ ഭൂമിയാണോ അപഹരിക്കപ്പെട്ടത്?

കുളിക്കാനും കുടിക്കാനും പാചകത്തിനും കൃഷിക്കുമാണു നാം വെള്ളം ഉപയോഗിക്കുന്നതു. ആധുനിക കാലത്തു വെള്ളത്തിന്റെ ഉപഭോഗത്തിന്റെ വ്യാപ്തി കൂടിയിരിക്കുന്നു. വ്യവസായ ശാലകൾ ഉപയോഗിക്കുന്ന വെള്ളത്തിന്റെ കണക്കു മനുഷ്യൻ ഉപയോഗിക്കുന്ന വെള്ളത്തിന്റെ കണക്കിനേക്കാൾ എത്രയോ ഇരട്ടിയാണത്രേ! വാതകങ്ങളും കീടനാശിനികളും മാത്രമെല്ല വ്യവസായശാലകൾ പുറത്തുവിടുന്ന ചൂടും ശബ്ദവും അണുവികിരണവും വായുവും വെള്ളവും മനിലമാക്കുന്നു. രണ്ട് ഹൈഡ്രജൻ മൂലകവും ഒരു ഓക്സിജൻ മൂലകവും സംയോജിക്കുന്നതാണു ‘വെള്ളം’ എന്നു മനുഷ്യൻ കണ്ടെത്തിയെങ്കിലും  ഈ മൂലകങ്ങളെ കൂട്ടിയോജിപ്പിച്ചു വെള്ളമുണ്ടാക്കാനുള്ള സാങ്കേതികവിദ്യ ഇന്നുവരെ കണ്ടെത്തിയിട്ടില്ല. രാസ പരീക്ഷണങ്ങൾക്കിടെ വേർപ്പെടുന്ന ഹൈഡ്രജനും ഓക്സിജനും കൂടിച്ചേർന്നു  വെള്ളമായി മാറുന്നത് നാം നിസ്സഹായതയോടെ കണ്ടുനിൽക്കുന്നു.


മുൻ നിശ്ചിതമായ ചില വ്യവസ്ഥകളിലാണു പ്രപഞ്ചം നിലനിൽക്കുന്നതു. ജീവന്റെ നിലനിൽപ്പിനു അത്യാവശ്യമായ ജലത്തിന്റെ ഭൂമിയിലെ മൊത്തം അളവു എക്കാലത്തും സ്ഥായിയായാണു സംവിധാനിക്കപ്പെട്ടിരിക്കുന്നതു. കടലിലൂടേയും കരയിലൂടെയും അന്തരീക്ഷത്തിലൂടെയും വെള്ളമായും നീരാവിയായും മഞ്ഞായും അതു നീങ്ങിക്കൊണ്ടിരിക്കുന്നു. ചാക്രികമായ ഈ സഞ്ചാരമാണു അതിനെ സ്ഥായിയായി നിലനിറുത്തുന്നതു. വെള്ളത്തെ നശിപ്പിക്കുവാൻ നമുക്കാവില്ല. താത്കാലികമായി മലിനമാക്കുവാനേയാക്കാം.അതു നാം ചൈതുകൊണ്ടിരിക്കുന്നു. അതിന്റെ ഭവിഷ്യത്തു അനുഭവിക്കുകയും ചെയ്യുന്നു. ഓർക്കുക. ഒരു തുള്ളി ജലം ജലചക്രത്തിലൂടെ കടലിൽനിന്നു തുടങ്ങി കടലിൽതന്നെ തിരിച്ചെത്തുവാൻ ലക്ഷക്കണക്കിനു വർഷങ്ങൾ എടുക്കുമെത്രെ!! ഈ ജലചക്ര വ്യവസ്ഥയാണു ജീവനെന്ന പ്രതിഭാസത്തെ നിലനിറുത്തുന്നത്.

Monday, 28 July 2014

പെരുന്നാൾ ചിന്തകൾ
ഓരോ പെരുന്നാളും എനിക്കു കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓർമപ്പെടുത്തലുകളാണു. ആഘോഷത്തിമർപ്പകളുടെ അതിർവരമ്പുകൾ മാഞ്ഞുപോകുന്ന കാലം. പെരുന്നാൾ ആഘോഷത്തിന്റെ പൂർത്തീകരണത്തിനായുള്ള ഒരുക്കങ്ങളുടെ തലേപത്തുനാളുകളാണിന്നു റമദാനിലെ അവസാനത്തെ പത്ത്. തെരുവുകൾ സജീവമാക്കുന്നതു പർദ്ധാധാരികളും കുട്ടികളുമാണു.

 ‘ഉടുത്തൊരുങ്ങാനെത്രയുണ്ടെങ്കിലും പെരുന്നാളിനൊരു പുത്തൻ പുടവ’ യെന്നാണിന്നത്തെ ചിന്ത. ‘ഉടുക്കാനൊരു പുടവ’ സ്വപ്നമായി കൊണ്ടുനടന്നിരുന്ന കാലമായിരുന്നു അന്നത്തെ കുട്ടിക്കാലം. പലപ്പോഴും ഈ സ്വപ്നം പൂവണീഞ്ഞിരുന്നതു പെരുന്നാൾ പുലരിയിലായിരുന്നു.

 ഋതുഭേതങ്ങളുടെ ഉത്സവമാണു പെരുന്നാളുകൾ. പെരുന്നാളുകൾ കണക്കാക്കുന്നതു ചാന്ദ്രവർഷത്തിലാണല്ലൊ. സൗരവർഷത്തേക്കാൾ ഇരുപതു ദിനത്തിന്റെ കുറവു ഹിജറ  വർഷത്തിനുള്ളതുകൊണ്ട് പെരുന്നാളുകൾ ഓരോ ഋതുവിലും മാറി വരുന്നു. വസന്തവും ഗ്രീഷ്മവും ശിശിരവും ഹേമന്തവുമെല്ലാം പെരുന്നാളുകളിൽ കടന്നുവരുന്നു. ഇതര മതാഘോഷങ്ങൾക്കു ഋതുഭേതവുമായി ബന്ധമുണ്ടെന്നു തോന്നുന്നില്ല. വേനലിന്റെ ചൂടും ശിശിരത്തിന്റെ കുളിരും വസന്തത്തിന്റെ സുഗന്ധവും പെരുന്നാളുകൾക്കു മാത്രം സ്വന്തം.

മതിമറന്നാഘോഷിക്കുവാനുള്ളതല്ല  പെരുന്നാളുകളെന്ന തിരിച്ചറിവുണ്ടാവാൻ ബാല്യവും കൗമാരവും കടന്ന് ഒരുപാട് ദൂരം പിന്നിടേണ്ടിവന്നു.

‘ പിന്നീട് ആ ദിവസത്തിൽ സുഖാനുഭവങ്ങളെപ്പറ്റി തീർച്ചയായും നിങ്ങൾ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും’. വിശുദ്ധ ഖുർ’ആനിലെ അദ്ധ്യായം 102 അവസാനിക്കുന്നതു ഇപ്രകാരമാണു.
 ഈ സൂക്തം ജീവിതം മതിമറന്നോഘോഷിക്കുന്നവർക്കുള്ള താക്കീതാണു. തങ്ങൾക്കു ലഭിച്ച സൗഭാഗ്യങ്ങൾ സഹജീവികൾക്കായി പങ്കുവെക്കുവാൻ മടിക്കുന്നവർക്കുള്ള മുന്നറിയിപ്പാണു.
പുതുവസ്ത്രമണിയുമ്പോൾ വിശ്വാസി ഇങ്ങനെ പ്രാർഥിക്കണമെന്നു പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്. ‘അള്ളാഹുവേ, എല്ലാ സ്തുതിയും നിനക്കാണു .എന്നെ അണിയിച്ച ഈ വസ്ത്രത്തിൽ നിന്നുള്ള നന്മയേയും എന്തിനുവേണ്ടിയാണോ ഇതു നിർമിച്ചതു അതിന്റെ നന്മയേയും ഞാൻ ചോദിക്കുന്നു. ഇതിൽ നിന്നുള്ള തിന്മയിൽ നിന്നും  എന്തിനു വേണ്ടിയാണോ ഇതു നിർമിച്ചത് അതിന്റെ തിന്മയിൽനിന്നും ഞാൻ നിന്നിൽ ശരണം തേടുകയും ചെയ്യുന്നു.’

പുതുവസ്ത്രമണിയുമ്പോൾ അതില്ലാത്തവരെയോർക്കുക.  വയറുനിറച്ചുണ്ണുമ്പോൾ അതിനു കഴിയാത്തവരെയോർക്കുക.

ഈ പെരുന്നാളിലെ നമസ്കാരശേഷം പരസ്പരം ആശംസകൾ പങ്കിടുമ്പോൾ കൈമാറാനാവതെ ഹൃദയത്തിന്റെ അടിത്തട്ടിൽ രണ്ടാശംസകൾ നോവായി ഘനീഭവിച്ചു കിടക്കുമെന്നു ഞാൻ തിരിച്ചറിയുന്നു. കുട്ടിക്കാലത്തു കാലണത്തുട്ട് പെരുന്നാളുപഹാരമായി തന്നിരുന്ന പ്രിയപ്പെട്ട ഉപ്പയ്ക്കും കഴിഞ്ഞ  പെരുന്നാൾ ചോറു വിളമ്പിത്തന്ന പ്രിയപ്പെട്ട ഉമ്മക്കും കൈമാറേണ്ടവ. ആയുസ്സിന്റെ പുസ്തകത്തിൽ അടുത്ത പെരുന്നാളിനു ആരുടെയൊക്കെ പേജുകളാണവശേഷിക്കുന്നതെന്നു  അറിയില്ലല്ലൊ.

തക്കബ്ബലള്ളാഹു മിൻ വ മിൻക്കും (അള്ളാഹു എന്റേയും നിങ്ങളുടേയും സൽകർമങ്ങൾ സ്വീകരിക്കുമാറാകട്ടെ)
ഗസ്സയെക്കുറിച്ചോർക്കാതെ ഈ പെരുന്നാൽ സുദിനം കടന്നുപോവാനാവില്ല.

അവർക്കായി ഇത്രയും കുറിക്കട്ടെ.

സത്യതിനെതിരെ നൂറ്റാണ്ടുകൾക്കു മുമ്പേ  
തുടങ്ങിയതാണീ ക്രൂരത 
മരുഭൂമിയിൽ കീറി മുറിച്ചു വലിച്ചിഴച്ചവർ 
കരളു പിഴുതു വായിലിട്ടു ചവച്ചു തുപ്പിയോർ
ഇരുമ്പ് കൊളുത്തിട്ടു ദേഹം ചീകിയവർ
അങ്ങനെ നടുക്കുന്ന ഓര്മ്മകൾ 
എത്ര എത്ര !

സത്യം എക്കാലവും പരീഷണം 
നേരിട്ട് കൊണ്ടേ യിരിക്കും

അവർക്കുള്ളത് "താഴ്വരയിലൂടെ 
ഒഴുകുന്ന പുഴക്കരികിലെ സ്വർഗം "