Tuesday, 8 September 2020

കുഞ്ഞീതു മുക്രി

  

കുഞ്ഞീതു മുക്രി


ഓത്തു പള്ളിയിലായിരുന്നപ്പോൾ  കുഞ്ഞീതുവിന് പത്തു വയസ്സ് പ്രായമായിരുന്നു. അന്ന് മുതലേയുള്ള ബന്ധമാണ് പള്ളിയുമായി.  ഉസ്താദിനുള്ള ഭക്ഷണം പള്ളിയിലെത്തിക്കുന്ന പണിയായാണ് തുടങ്ങിയത് . കോയുണ്ണി ഹാജിയുടെ ടെയും മാമു ഹാജിയുടെയും പുരയിൽ നിന്നായിരുന്നു ഉസ്താദിനുള്ള ഭക്ഷണം.

ഉസ്താദ് ഭക്ഷണം കഴിച്ച് നീക്കി വെക്കുന്ന പാത്രത്തിൽ ചോറും കറിയും  എന്നും കുറച്ച് ബാക്കി ഉണ്ടായിരിക്കും .തനിക്കായി മാറ്റിവെക്കുന്നതാണോ ? അതോ ബാക്കിയാവുന്നതാണോ ?


രാവിലെ ഓത്തുപള്ളിയിൽ പോയി ഓതി പഠിക്കണം. അത് കഴിഞ്ഞാൽ ഉസ്താദി നൊപ്പം പള്ളിയിൽ എത്തും.  അപ്പോഴേക്കും ളുഹർ ബാങ്കിന് സമയമായിരിക്കും. അന്ന് കുഞ്ഞീതുവിന്റെ ബാപ്പയായിരുന്നു പള്ളി മുക്രി.  അഞ്ചു നേരം ബാങ്ക് വിളിക്കുന്നതും പള്ളി അടിച്ചു വാരി വൃത്തിയാക്കുന്നതും ബാപ്പയുടെ പണിയായിരുന്നു.  


ഒരു ദിവസം ബാപ്പതന്നെയാണ് പറഞ്ഞത്


“ കുഞ്ഞീതൂ…. ഓത്ത് കയ്ഞ്ഞാ ഉസ്താദിന്റൊപ്പം പള്ളിക്ക് പോരെ. ബാപ്പണ്ടാവും ആടെ.. “


തട്ട് തൂക്ക് പാത്രം കൈയിൽ തന്ന് ബാപ്പയാണ് കോയുണ്ണി ഹാജിയുടെ വീട്ടിലേക്ക് ആദ്യമായി പറഞ്ഞയച്ചത്.

“ ഇജ്ജേതാ  മാനെ… “ ഹാജിയാർ സ്നേഹത്തോടെ ചോദിച്ചു.

“മുക്രിക്കാടെ  മോനാ .. “

കേട്ടപ്പോൾ ഒന്ന് ചിരിച്ചു.

 “ഓതാൻ പോണില്ല്യേ…. ബാപ്പാന്റെ പിറ്റേ കാലം ഒരാള് വേണ്ടേ.. ‘

ബാപ്പായോടൊപ്പം നിന്ന് ബാങ്ക് വിളിക്കാനും പള്ളി വൃത്തിയാക്കാനുമൊക്കെ പഠിച്ചു.   ബാപ്പയുടെ ജോലി ഒരു നിയോഗമായി കുഞ്ഞീതുവിലേക്ക് പകർന്നു കിട്ടുകയായിരുന്നു. അങ്ങനെ മഹല്ല്  കാരുടെ  ‘ മുക്രി ’ യായി.


ഇപ്പോൾ  എൺപത് പിന്നിട്ടിരിക്കുന്നു.  വീട്, പള്ളി.. അതിനപ്പുറം ഒരു ലോകം കുഞ്ഞീതു  മുക്രി കണ്ടിട്ടില്ല.   മുറ തെറ്റാതെ ജീവിതം മുന്നോട്ട് നീങ്ങുന്നു.


ഫജ്ർ സാദിഖ് വെളിപ്പെടും മുമ്പേ  ഉണർന്ന് പള്ളിയിലേക്കുള്ള നടത്തം, മുനിഞ് കത്തുന്ന റാന്തൽ വിളക്കിന്റെ അരണ്ട വെളിച്ചത്തിലായിരുന്നു.


ഹൗളിൽ വെള്ളം നിറക്കുന്നത് മുതൽ ഒരു  ദിനം ആരംഭിക്കുന്നു.  കറന്റും മോട്ടോറുമൊക്കെ വരുന്നതിന് മുമ്പ് കിണറിൽ നിന്ന് കോരി നിറക്കണമായിരുന്നു.   ഓരോ കൊട്ടയും എണ്ണിയാണ് ഒഴിക്കുക.  കൃത്യമായ എണ്ണത്തിൽ ഹൗള് നിറഞ്ഞിരിക്കും. അപ്പോഴേക്കും സുബഹ് ബാങ്കിന് സമയമാകും . ബാങ്ക് വിളിക്കാനായി മുകളിൽ പ്രത്യേകം തയ്യാറാക്കിയ  തുറസ്സായ ഭാഗമുണ്ട്. മര ഗോവണി കയറിച്ചെന്ന് ആവുന്നത്ര  ഉച്ചത്തിൽ വിളിക്കണം.


‘അസ്സലാത്തു ഹൈറും മിനന്നൗമ് ‘

( ഉറക്കത്തേക്കാൾ ശ്രേഷ്ഠമാണ് നമസ്കാരം)

ആ വിളിയിലെ സായൂജ്യം ഏത്ര അനുഭവിച്ചതാണ്.


കാലം ഏത്ര വേഗത്തിലാണ് കടന്നു പോയത്.  പള്ളിയിൽ കറന്റു വന്നു. വെള്ളമെടുക്കാൻ പമ്പ് സെറ്റ് വെച്ചു.  പള്ളി തന്നെ പുതുക്കി പണിതു. ദർസിൽ പഠിക്കുന്ന മുത്ത‘അല്ലിങ്ങൾക്ക് വേണ്ടി കാന്റീൻ തുടങ്ങി. പ്രായമായി വരുന്ന കുഞ്ഞീത് മുക്രിയുടെ ജോലികളും എളുപ്പമായി.


നാലു പെണ്മക്കളെ പടച്ചവന്റെ കൃപ കൊണ്ട്  കെട്ടിച്ചയച്ചു. അല്ലലില്ലാതെ മുന്നോട്ട് പോകുന്നതിനിടയിലാണ്  റബ്ബുൽ ആലമീനായ തമ്പുരാൻ ബീവാത്തുവിനെ തിരിച്ചു വിളിച്ചത്. അവളുടെ മയ്യിത്തിനോടൊപ്പം പള്ളിപ്പറമ്പിൽ എത്തിയ കുഞ്ഞീതു മുക്രി  പിന്നെ തിരിച്ചു പോയില്ല.  ബീവാത്തു ഇല്ലാത്ത ആ വീട്ടിൽ എന്തിന് പോകണം.


“ അല്ലാഹുമ്മ ഇഗ്ഫിറലുഹാ…. … “ (അല്ലാഹുവേ പൊറുത്തു കൊടുക്കണേ)   മൂട് കല്ലുകൾക്ക് മീതെ മണ്ണ് കിളച്ചിടുമ്പോൾ ഇട നെഞ്ച് പൊട്ടിയാണ് ഉറക്കെ പ്രാർത്ഥിച്ചത്. ആ പ്രാർത്ഥന പത്ത് കൊല്ലമായി തുടരുകയാണ്.  പള്ളിയും പള്ളിപ്പറമ്പും വിട്ട്  പിന്നെ എങ്ങും പോയിട്ടില്ല.


ബാപ്പയും   ഉമ്മയും  നാലു മക്കളുടെ പുന്നാര ഉമ്മയായ ബീവാത്തുവും ഉറങ്ങുന്ന പള്ളിപ്പറമ്പ് വിട്ട് എങ്ങോട്ട് പോകാൻ.  


അഞ്ച് നേരവും ഉസ്താദിന് പിറകിൽ നിന്ന് മഹല്ലിലെ കാരണവന്മാർക്കൊപ്പം നിസ്കാരം. പിന്നെ ഖുർആൻ പാരായണം. അത് മതിയായിരുന്നു ജീവിതം മുന്നോട്ട് പോകാൻ.


പൊടുന്നനെയാണ് ജീവിതം മാറി മറിഞ്ഞത്. പള്ളിയിലേക്ക് ആരെയും കാണുന്നില്ല.  ദർസിലെ കുട്ടികൾ അവരുടെ വീടുകളിലേക്ക് തിരിച്ചു പോയിരിക്കുന്നു. അവർക്കുള്ള  കാന്റീനിൽ തീയും പുകയും കാണുന്നില്ല. വീട്ടിൽ പോയിരുന്ന ഉസ്താദ്  എന്ന് തിരിച്ചു വരുമെന്ന് അറിയില്ല.

കുഞ്ഞീതു മുക്രിയുടെ ജീവിതത്തിന് താള ഭംഗം  വരുവാൻ അധിക നാൾ വേണ്ടി വന്നില്ല.

അയാൾ  വിളിക്കുന്ന ബാങ്കിന് ഉത്തരമില്ലാതായി.   ഉസ്താദിന് പിറകിൽ നിന്ന് കൊണ്ടുള്ള നിസ്കാരം നിലച്ചിരിക്കുന്നു.  മരണാനന്തര ചടങ്ങുകൾക്ക് പോലും ആളുകളില്ല.  കുഞ്ഞീതു മുക്രി അയാൾക്ക്‌ തന്നെ അപരിചിതനായിരിക്കുന്നു.


ഓരോ ഖബ്ർ കുഴിക്കുമ്പോളും കുഞീതു  മുക്രി  അരികിലെത്തുക പതിവായി.

“കുഞ്ഞാല്യേ…. നീളം കുറക്കണ്ട ട്ടോ.. “

ആദ്യമൊന്നും കുഞ്ഞാലി കാര്യമാക്കിയില്ല.

അടുത്ത തവണയും ആവർത്തിച്ചു.

“ കുഞ്ഞാല്യേ.. കൊറഞ്ഞിട്ടുണ്ട് ട്ടോ.. ‘

ഈ മുക്രിക്കാക്ക് എന്തിന്റെ സൂക്കേടാ.. “

കുഞ്ഞാലി സന്ദേഹപ്പെട്ടു.

പള്ളിച്ചുമരിൽ ആണികളടിച്ചു തൂക്കിയിട്ടിരുന്ന ദസ് വി മാലകൾ കുഞ്ഞീതു മുക്രി  കഴുത്തിലും ഇരു കൈപ്പടത്തിലും എടുത്തണിഞ്ഞു. കഴുകി വെക്കാൻ മറന്ന പാത്രങ്ങളിൽ   ഉറുമ്പുകൾ വട്ടമിട്ടു.

ഒരു നാൾ ഫജ്ർ സാദിഖ് വെളിപ്പെടും മുമ്പേ കുഞ്ഞീതു മുക്രി പള്ളിയുടെ വാതിലുകൾ ഓരോന്നായി മലർക്കെ തുറന്നിട്ടു. ഹൗളിലും ടാങ്കിലും വെള്ളം നിറച്ചു. മിമ്പറിലും മിഹ്റാബിലും ചന്ദനത്തിരികൾ കത്തിച്ച് വെച്ചു.  

“കുഞ്ഞീതേ…. “   മധുരമായ ശബ്ദത്തിൽ ആരോ നീട്ടിവിളിക്കുന്നു.

കുഞ്ഞീതു മുക്രി തന്റെ  പഴയ റാന്തൽ വിളക്കെടുത്ത്  തിരി കൊളുത്തി. പള്ളി വിട്ടിറങ്ങി.

‘ മുക്രി പട്ടം’   പള്ളിയിലേക്കുള്ള  വഴിയിലെവിടെയോ അഴിഞ്ഞു വീണു. കുഞ്ഞീതുവിന്റെ മനസ്സിനുള്ളിൽ കുന്തിരിക്കം പുകഞ്ഞു. പുകച്ചുരുളുകൾ കുഞ്ഞീതുവിനെ പള്ളിപ്പറമ്പിലേക്ക് ആനയിച്ചു.


ബാപ്പയുടെയും തൊട്ടരികിലെ ഉമ്മയുടെയും ഖബ്റിടങ്ങളിലേക്ക്  ആരോ നയിച്ചു.

“ഇന്നാ ഇൻ ശാ അല്ലാഹ് ബിക്കും ലാഹിക്കൂൻ “ ( അള്ളാഹു ഉദ്ദേശിക്കുമ്പോൾ നിശ്ചയമായും  ഞാനും നിങ്ങളോടൊപ്പം ചേരേണ്ടവനാണ് ) കുഞ്ഞീതു ഒരു കുഞ്ഞിനെ പോലെ പൊട്ടിക്കരഞ്ഞു.

ലോലമായൊരു കാൽ പെരുമാറ്റം  അടുത്തു വരുന്നത്  പോലെ അനുഭവപ്പെട്ടു. അയാളെ  ഒരു കാറ്റല കോരിയെടുത്തു ബീവാത്തുവിന്റെ കബ്റിടത്തിൽ കൊണ്ടിട്ടു.  

അപ്പോൾ കുഞ്ഞീതുവിന് അത്തർ മണത്തു.

ഇടനെഞ്ചിൽ നിന്നൊരു ഇണക്കിളിയുടെ കുറുകൽ കേട്ടു.

‘ ബിക്കും ലാഹിക്കൂൻ… ‘ കുഞ്ഞീതു  മൊഴിഞ്ഞു.

പുലരിക്കും ഉദയത്തിനുമിടയിൽ ഫജ്ർ ബാങ്കൊലിക്ക് പകരം പള്ളി മിനാരങ്ങളിൽ ചേക്കേറിയ പ്രാക്കൂട്ടങ്ങളുടെ  കലമ്പലുകൾ ഉയർന്നു. പുതിയ ഖബ്റിനായി പൂർത്തിയാക്കി വെച്ച കുഴിയുടെ അടുത്തേക് കുഞ്ഞീതു മുക്രി നടന്നു നീങ്ങി.  ഊർന്നിറങ്ങി  ഖബ്റിനടിയിൽ മലർന്ന് ‌ കിടന്നു. പഴയ റാന്തൽ വിളക്ക് കിളച്ചിട്ട പുതു മണ്ണിനു മുകളിൽ കരിന്തിരി കത്തി.



# ബഷീർ ഹസ്സൻ തട്ടത്താഴത്ത്



മുക്രി - പള്ളിയിൽ ബാങ്ക് വിളിക്കുന്നതിനും  മറ്റുമുള്ള ആൾ

ഫജ്ർ സാദിഖ് -   ഉദയത്തിന് മുമ്പുള്ള പുലരി വെട്ടം

ഹൗള് -  അംഗ ശുദ്ധി വരുത്തുന്നതിനുള്ള ജല സംഭരണി

റബ്ബുൽ ആലമീൻ- ലോക രക്ഷിതാവ്

മൂട് കല്ലുകൾ - ഖബ്ർ മൂടുന്നതിനുള്ള കല്ലുകൾ

ദർസ് -പഠനം

മിഹ്റാബ് - പ്രാർത്ഥനാ മണ്ഡപം

മിമ്പർ - പ്രസംഗ മണ്ഡപം

ദസ്‌വി -ജപ മാല

മുത്ത’അല്ലിം - വിദ്യാർത്ഥി