വിശ്വാസം, അതല്ലേ എല്ലാം!
ഇന്നലെ രാത്രി തന്നെ മനസ്സിൽ കരുതിയിരുന്നു, ആദ്യ മണിക്കൂറിൽ തന്നെ വോട്ട് ചെയ്യണമെന്നു. കാത്തുനിൽക്കേണ്ടിവന്നില്ല.
ചെന്ന പാടെ വോട്ട് ചെയ്യാൻ കഴിഞ്ഞു. പേരു വായിക്കുന്നു,
അടിയിൽ വരക്കുന്നു, ഒപ്പിടീക്കുന്നു, മഷി പുരട്ടുന്നു. ബാലറ്റ് പേപ്പറിനു പകരം ബാലറ്റ് യന്ത്രമാണെന്നൊരു മാറ്റം മാത്രമേ വന്നിട്ടുള്ളൂ.
പഴയ സമ്പ്രദായത്തിൽ
സംതൃപ്തിയോടെ വോട്ടു ചെയ്യുവാൻ കഴിഞ്ഞിരുന്നു. ബാലറ്റ് പേപ്പർ
നാലായി മടക്കി നിവർത്തി കൈയിൽ കിട്ടുമ്പോൾ എന്തൊരനുഭൂതിയായിരുന്നു. ചിഹ്നത്തിൽ സീലുകുത്തി നാലായിമടക്കി പെട്ടിയിലിട്ടാൽ
കിട്ടിയിരുന്ന സംതൃപ്തി ബാലറ്റ് യന്ത്രത്തിൽ കിട്ടുന്നില്ല. തന്റെ
വോട്ട് ആ കടലാസിൽ ഭദ്രമെന്നു വിശ്വാസമുണ്ടായിരുന്നു. ആ വിശ്വാസം
ഈ യന്ത്രം തരുന്നില്ല.
ഇങ്ങനെ ചിന്തിക്കാൻ കാരണമുണ്ട്. ഇക്കഴിഞ്ഞ ഏപ്രിൽ 7 നായിരുന്നു അസാമിൽ പോളിങ്.
അവിടുത്തെ ഒരു മണ്ഡലത്തിൽ മോക്കു പോളിങ് നടത്തിയപ്പോൾ ചൈയ്ത വോട്ടെല്ലാം ബി.ജെ.പി ചിഹ്നത്തിൽ വീണത്രേ! ഏതു ചിഹ്നത്തിനു
നേരെയുള്ള ബട്ടൺ അമർത്തിയാലും വോട്ട് വീണതു താമരയിലായിരുന്നു. ഈ തകരാറു പരിഹരിച്ചാണു വോട്ടിംഗ് ആരംഭിച്ചതു.
എന്നാലും ഒരു ശങ്ക. യന്ത്രമല്ലെ. തകരാറു വീണ്ടും വന്നുകൂടെന്നില്ലല്ലോ. വോട്ടിംഗ്
തുടർന്നുകൊണ്ടിരിക്കുമ്പോൾ വോട്ടെല്ലാം ഒരേ ചിഹ്നത്തിൽ വീണുകൊണ്ടിരിക്കില്ലയെന്നതിനു വല്ല ഉറപ്പുമുണ്ടോ?
എന്റെ വോട്ട് ഞാനമർത്തിയ ബട്ടണു നേരെയുള്ള ചിഹ്നത്തിൽ തന്നെയാണു വീണതെന്നതിനു എന്താണുറപ്പ്? ഏറ്റവും
വലിയ ജനാധിപത്യരാജ്യത്തിൽ
നടക്കുന്ന ലോകത്തിലേക്കും വലിയ തെരഞ്ഞെടുപ്പെന്നു നാം വീമ്പു പറയുമ്പോഴും മനസ്സിലേക്കു
കടന്നുവരുന്നു പ്രസിദ്ധമായ ആ പരസ്യവാചകം. ‘വിശ്വാസം, അതല്ലെ എല്ലാം.’