Friday, 26 December 2014


BC യും AD യും അതിനിടയിലെ കൃസ്തുവും.
 
BC കൃസ്തുവിനു മുമ്പുള്ള കാലഘട്ടവും AD കൃസ്തുവിന്റെ മരണ ശേഷമുള്ള കാലഘട്ടവുമാണെങ്കിൽ കൃസ്തു ജീവിച്ചിരുന്ന കാലഘട്ടത്തെ എങ്ങനെയാണു രേഖപ്പെടുത്തേണ്ടത്?
Anno Dommini (AD)  എന്ന ലാറ്റിൻ വാക്കിനു After the year of his birth(ജനനത്തിനു ശേഷമുള്ള കൊല്ലം)  എന്നാണത്രെ  അർത്ഥം! BC ജനനത്തിനു മുമ്പുള്ള ഘട്ടമാണെങ്കിൽ ഇവക്കു രണ്ടിനുമിടയിൽ ഒരു കൊല്ലം , അതായത് കൃസ്തു ജനിച്ച കൊല്ലം കണക്കാക്കാതെ പോയിരിക്കുന്നു. ആ കാലം BC യൊ AD യൊ അല്ല. ‘0’ ആയിരിക്കും.

Anno Dommini ക്കു in the year of our Lord എന്നും അർത്ഥം കാണുന്നു. ഇതാണു ശരിയെങ്കിൽ കൃസ്തുവിന്റെ ജനനത്തിനു ശേഷം ഏതു കൊല്ലമായും ഇതിനെ വ്യാഖ്യാനിക്കാം. കാലം വിഭജിക്കപ്പെടുന്നത് കൃസ്തുവിന്റെ ജനനത്തെ ആസ്പദപ്പെടുത്തിയാണന്ന് പറയാറുണ്ടെങ്കിലും  മറ്റു വിശ്വാസങ്ങൾ പരിഗണിക്കുമ്പോൾ ഏറ്റവും ഉചിതമായതും വിശ്വാസയോഗ്യമായതുമായ പ്രയോഗം Before Common Era (BC) എന്നും Common Era (CE) എന്നുമാണു. ഇന്നു നാം പിന്തുടരുന്ന കലണ്ടർ ആസ്പദമാക്കി കൃസ്തു ജനിച്ച കൊല്ലമോ തിയതിയൊ കൃത്യമായി കണ്ടെത്താൻ കഴിയില്ല. കാരണം കൃസ്തുവിന്റെ ജീവിതകാലം വരെ ആധുനിക കലണ്ടർ രൂപപ്പെടുകയോ അംഗീകരിക്കുകയൊ ഉണ്ടായിട്ടില്ല. പിന്നെ എങ്ങനെയാണു കൃസ്തു ജനിച്ചത് ഡിസംബർ 25 നാണെന്ന് സ്ഥാപിക്കപ്പെട്ടത്.  ജനിച്ച കൊല്ലം ഏതാണെന്നതിനു ഒരു രേഖയും ലഭ്യമെല്ല.

സങ്കുചിത മതതാത്പര്യമാണു ആഗോള കലണ്ടറിനെ ഹൈ ജാക്ക് ചൈത് മാനവകുലത്തിനുമേൽ അടിച്ചേൽപ്പിക്കുന്നതെന്ന് പുതുവർഷവും കൃസ്തുമസും ആഘോഷിക്കുന്ന മതേതരന്മാർ എന്നാണു തിരിച്ചറിയുക!

Wednesday, 17 September 2014



    വിശ്വാസങ്ങൾ മദ്യവിമുക്തമാക്കാനാവുമോ?


ഉജ്ജയനിലൊരു ക്ഷേത്രമുണ്ട്. കാലഭൈരവനാഥനാണവിടുത്തെ പ്രതിഷ്ഠ. ഇവിടുത്തെ പ്രസാദം മദ്യമാണു. ഭക്തർ മദ്യക്കുപ്പികളുമായാണത്രെ അമ്പലത്തിലെത്തുക. വിഗ്രഹത്തിന്റെ വായിലേക്കു മദ്യം അവർതന്നെ ഒഴിച്ചുകൊടുക്കും. ഒരുതുള്ളി പോലും കളയാതെ എല്ലാം ഭൈരവൻ അകത്താക്കും.! വിഗ്രഹം മദ്യം സേവിക്കുന്നതിന്റെ ഗുട്ടൻസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതിന്നും ‘അത്ഞാതമത്രെ.’

ഗൂഗിൾ അമ്മാമനാണു ഈ വിവരമെനിക്കു വെളിപ്പെടുത്തിയതു. ഞാനെന്തിനീ രഹസ്യം തേടിപ്പോയെന്നു സംശയിക്കുന്നവരുണ്ടാവാം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകീട്ട് ഞാനെന്റെ കലാലയ സുഹൃത്തുക്കളുമായി ഒത്തുകൂടി. ഞങ്ങളിലൊരാളുടെ മകന്റെ കല്യാണ സൽക്കാരത്തിനു. കൊച്ചു കൊച്ചു ഫ്ലാഷ് ബാക്കുകളും ആനുകാലികങ്ങളുമായി ‘ബോധധാരാ’ സമ്പ്രദായത്തിലൂടെയായിരുന്നു ചർച്ചകൾ. കൂട്ടത്തിൽ മദ്യനിരോധനവും വിഷയീഭവിച്ചു.

‘ബഷീർ മദ്യപിക്കാത്തത് മതം വിലക്കുന്നതു കൊണ്ടാണു. ഞങ്ങളുടെ ദൈവങ്ങൾ തന്നെ കുടിയന്മരാണു. പിന്നെ അവരെ ആരാധിക്കുന്ന ഞങ്ങൾ എന്തിനു കുടിക്കാതിരിക്കണം?’ ഇതുവരെ മദ്യം കഴിച്ചിട്ടില്ലാത്ത എന്റെ സതീർത്ഥ്യയന്റെ വാക്കുകൾ കേട്ടു ഞാനമ്പരന്നു.

ഹിന്ദു ദൈവങ്ങൾ അത്തരക്കാരണോ? ഇതറിയാനാണു ഞാൻ ഗൂഗിൾ അമ്മാമനെ സമീപിച്ചത്. മദ്യത്തിനൊ സമാനമായ മയക്കു മരുന്നുകൾക്കോ അടിമയാകുന്നതു ഹിന്ദുമതാചരങ്ങൾക്ക് എതിരാണെന്നും ഇതു പാപമായാണു പരിഗണിക്കുന്നതെന്നുമാണു ആദ്യമേ കിട്ടിയ വിവരം. അതിനു താഴെയാണു കാലഭൈരവനെ പരിചയപ്പെടുത്തുന്നതു.

വിശാലമായ കവുങ്ങ് തോപ്പായിരുന്നു എന്റെ ഉമ്മ വീടിന്റെ പിൻ ഭാഗം. അതിന്റെ ഒരറ്റത്ത് വെട്ടുകല്ലുകെട്ടിയുണ്ടാക്കിയ ഒരു തറ ഉണ്ടായിരുന്നു. മണ്ണുകൊണ്ടും കല്ലുകൊണ്ടും ഉണ്ടാക്കിയ ചില രൂപങ്ങൾ ആ തറയിൽ എന്റെ കുട്ടിക്കാലത്തു കണ്ടിട്ടുണ്ട്. വർഷത്തിലൊരിക്കൽ പുലയ വിഭാഗക്കാരായ ചിലർ വന്ന് ഈ രൂപങ്ങൾക്ക് മേൽ മദ്യമൊഴിക്കും. കയ്യിലുള്ള പൂവൻ കോഴിയുടെ കഴുത്തറത്തു ചോരയും ചീറ്റിക്കും. വീട്ടുമൃഗങ്ങളെ രോഗികളാക്കുന്നതും മടിയന്മാരാക്കുന്നതുമായ പിശാചുക്കളൊ ദുർദൈവങ്ങളൊ ആണത്രെ ഇവർ. ദൈവങ്ങളിലും ദുർനടപ്പുകാരൊയെന്നു ഞാൻ ആശ്ചര്യപ്പെട്ടിട്ടുണ്ട്. എന്തായാലും ഇവരെ തൃപ്തിപ്പെടുത്താൻ പുലയർ തന്നെ വേണം. നോക്കൂ നിങ്ങൾ. ദുർദേവന്മാരേയും ദേവതകളേയും പിശാചുക്കളേയുമെല്ലാം അധ:സ്ഥിത വർഗത്തോടാണു നാം ചേർത്തുവെക്കുന്നതു. ഒരു വരേണ്യ വർഗക്കാരനായവനും ഇടക്കിടെ ശല്യം ചെയ്യാനെത്താറുണ്ട്. രക്ഷസ്സ്. ഇയാളെ തളക്കാൻ സാക്ഷാൽ ബ്രാഹ്മണൻ തന്നെ വരണം. ഈ വരേണ്യവർഗക്കാരനായ രക്ഷസ്സ് ദൈവമാണോ പിശാചാണോ എന്നെനിക്കറിയില്ല. എന്തായാലും ഇയാൾ മദ്യപിക്കുന്നത് ഞാൻ കണ്ടിട്ടില്ല. നോക്കൂ മദ്യവും ഇവിടെ ചേർത്തു വെക്കുന്നത് അധ:സ്ഥിതരോടൊപ്പമാണു.

കാലഭൈരവനേയും മദ്യത്തേയും കുറിച്ചു പറഞ്ഞപ്പോൾ മദ്യസേവയിലൂടെയുള്ള പഴയകാല അനുഷ്ഠാനങ്ങൾ ഓർമയിൽ വന്നതാണു. യാഗങ്ങൾക്കു കാർമികത്വം വഹിക്കുന്നതു ബ്രാഹ്മണരാണു. യാഗങ്ങൾക്കുപയോഗിക്കുന്ന സോമരസം ഒരർഥത്തിൽ ലഹരിപകരുന്നതാണു. ബുദ്ധ ഭിക്ഷുക്കൾ അമൃതം എന്നൊരു ലായനി ഉപയോഗിക്കാറുണ്ടത്രെ. ഇതും ലഹരി പകരുന്നതാണു. ഒരു ഭൈരവൻ മാത്രമെല്ല വേറെ പലദൈവങ്ങളും മദ്യത്തോടു വിരോധമില്ലാത്തവരാണെന്നു നമുക്കറിയാം. ചുരുക്കത്തിൽ നമ്മുടെ അനുഷ്ഠാനങ്ങളും ആചാരങ്ങളും ദൈവങ്ങളും മദ്യവിമുക്തമെല്ലെന്നു വ്യക്തം.

ഒരു സാധാരണക്കാരന്റെ വ്യക്തിജീവിതത്തിൽ നിന്നും മദ്യത്തെ അകറ്റി നിറുത്തുവാൻ പടിപടിയായി കഴിഞ്ഞെന്നു വരാം. പക്ഷെ, അയാളുടെ വിശ്വാസങ്ങളെ മദ്യവിമുക്തമാക്കുവാൻ നമുക്കാവുമൊ?
 

Monday, 1 September 2014



 മഴയെക്കുറിച്ചുതന്നെ—വീണ്ടും

മഴപെയ്യാൻ മടിച്ചാണു ഇക്കൊല്ലം കാലവർഷം തുടങ്ങിയതെങ്കിലും ക്രമേണ കനപ്പെടുകയും കിട്ടേണ്ടുന്ന മഴ ലഭിക്കുകയും ചൈയ്തിരിക്കുന്നു. ഡാമുകളിലെല്ലാം ജലനിരപ്പു പരമാവധിയെത്തി. പത്തു ജില്ലകളിൽ സധാരണത്തേക്കാൾ കൂടുതലും ലഭിച്ചിട്ടുണ്ടെത്രെ. പാലക്കാടു ജില്ലയിൽ മാത്രം ആറു ശതമാനം കൂടുതലാണത്രെ കിട്ടിയ മഴ.

 മഴവെള്ളമെല്ലാം സർവം സഹയായ ഭൂമി പിൽകാലത്തേക്കായി സംഭരിച്ചുവെക്കുകയാണു നമ്മുടെ നാട്ടിലെ രീതി. കിണറുകളും കുളങ്ങളും കായലുകളും അടുത്ത കാലവർഷം വരെ വെള്ളം ആവശ്യാനുസരണം നമുക്കു തന്നുകൊണ്ടേയിരുന്നു. പുതുതായി കുഴിക്കുന്ന കിണറുകളും കുളങ്ങളും നമുക്കായി വെള്ളം തന്നുകൊണ്ടിരുന്നു. 
 കുറച്ചുകാലമായി ഈ രീതിക്കൊരു മാറ്റം വന്നിട്ടുണ്ടോ? മഴയൊഴിഞ്ഞു അധികകാലമാവും മുമ്പേ കിണറുകളും കുളങ്ങളും കായലും പുഴയും കാലിയാവുന്നു! പിന്നെ വറുതിയുടെ ദിനങ്ങൾ. അടുത്ത കാലവർഷത്തിനായി വേഴാമ്പലിനെപ്പോലെ കാത്തിരിപ്പു. ഭൂഗർഭജലം ഊറ്റിയെടുക്കുവാൻ മലയാളി ശ്രമിച്ചതപ്പോഴാണു. പിന്നേയുമുള്ള ശ്രമത്തിലാണു ‘മഴവെള്ള സംഭരണി’യെ മലയാളി പരിചയപ്പെടുന്നതു. മലയാള ഭൂമിയുടെ ധർമം ആരാണപഹരിച്ചത്?  അതോ നമ്മുടെ ഭൂമിയാണോ അപഹരിക്കപ്പെട്ടത്?

കുളിക്കാനും കുടിക്കാനും പാചകത്തിനും കൃഷിക്കുമാണു നാം വെള്ളം ഉപയോഗിക്കുന്നതു. ആധുനിക കാലത്തു വെള്ളത്തിന്റെ ഉപഭോഗത്തിന്റെ വ്യാപ്തി കൂടിയിരിക്കുന്നു. വ്യവസായ ശാലകൾ ഉപയോഗിക്കുന്ന വെള്ളത്തിന്റെ കണക്കു മനുഷ്യൻ ഉപയോഗിക്കുന്ന വെള്ളത്തിന്റെ കണക്കിനേക്കാൾ എത്രയോ ഇരട്ടിയാണത്രേ! വാതകങ്ങളും കീടനാശിനികളും മാത്രമെല്ല വ്യവസായശാലകൾ പുറത്തുവിടുന്ന ചൂടും ശബ്ദവും അണുവികിരണവും വായുവും വെള്ളവും മനിലമാക്കുന്നു. രണ്ട് ഹൈഡ്രജൻ മൂലകവും ഒരു ഓക്സിജൻ മൂലകവും സംയോജിക്കുന്നതാണു ‘വെള്ളം’ എന്നു മനുഷ്യൻ കണ്ടെത്തിയെങ്കിലും  ഈ മൂലകങ്ങളെ കൂട്ടിയോജിപ്പിച്ചു വെള്ളമുണ്ടാക്കാനുള്ള സാങ്കേതികവിദ്യ ഇന്നുവരെ കണ്ടെത്തിയിട്ടില്ല. രാസ പരീക്ഷണങ്ങൾക്കിടെ വേർപ്പെടുന്ന ഹൈഡ്രജനും ഓക്സിജനും കൂടിച്ചേർന്നു  വെള്ളമായി മാറുന്നത് നാം നിസ്സഹായതയോടെ കണ്ടുനിൽക്കുന്നു.


മുൻ നിശ്ചിതമായ ചില വ്യവസ്ഥകളിലാണു പ്രപഞ്ചം നിലനിൽക്കുന്നതു. ജീവന്റെ നിലനിൽപ്പിനു അത്യാവശ്യമായ ജലത്തിന്റെ ഭൂമിയിലെ മൊത്തം അളവു എക്കാലത്തും സ്ഥായിയായാണു സംവിധാനിക്കപ്പെട്ടിരിക്കുന്നതു. കടലിലൂടേയും കരയിലൂടെയും അന്തരീക്ഷത്തിലൂടെയും വെള്ളമായും നീരാവിയായും മഞ്ഞായും അതു നീങ്ങിക്കൊണ്ടിരിക്കുന്നു. ചാക്രികമായ ഈ സഞ്ചാരമാണു അതിനെ സ്ഥായിയായി നിലനിറുത്തുന്നതു. വെള്ളത്തെ നശിപ്പിക്കുവാൻ നമുക്കാവില്ല. താത്കാലികമായി മലിനമാക്കുവാനേയാക്കാം.അതു നാം ചൈതുകൊണ്ടിരിക്കുന്നു. അതിന്റെ ഭവിഷ്യത്തു അനുഭവിക്കുകയും ചെയ്യുന്നു. ഓർക്കുക. ഒരു തുള്ളി ജലം ജലചക്രത്തിലൂടെ കടലിൽനിന്നു തുടങ്ങി കടലിൽതന്നെ തിരിച്ചെത്തുവാൻ ലക്ഷക്കണക്കിനു വർഷങ്ങൾ എടുക്കുമെത്രെ!! ഈ ജലചക്ര വ്യവസ്ഥയാണു ജീവനെന്ന പ്രതിഭാസത്തെ നിലനിറുത്തുന്നത്.

Monday, 28 July 2014

പെരുന്നാൾ ചിന്തകൾ
ഓരോ പെരുന്നാളും എനിക്കു കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓർമപ്പെടുത്തലുകളാണു. ആഘോഷത്തിമർപ്പകളുടെ അതിർവരമ്പുകൾ മാഞ്ഞുപോകുന്ന കാലം. പെരുന്നാൾ ആഘോഷത്തിന്റെ പൂർത്തീകരണത്തിനായുള്ള ഒരുക്കങ്ങളുടെ തലേപത്തുനാളുകളാണിന്നു റമദാനിലെ അവസാനത്തെ പത്ത്. തെരുവുകൾ സജീവമാക്കുന്നതു പർദ്ധാധാരികളും കുട്ടികളുമാണു.

 ‘ഉടുത്തൊരുങ്ങാനെത്രയുണ്ടെങ്കിലും പെരുന്നാളിനൊരു പുത്തൻ പുടവ’ യെന്നാണിന്നത്തെ ചിന്ത. ‘ഉടുക്കാനൊരു പുടവ’ സ്വപ്നമായി കൊണ്ടുനടന്നിരുന്ന കാലമായിരുന്നു അന്നത്തെ കുട്ടിക്കാലം. പലപ്പോഴും ഈ സ്വപ്നം പൂവണീഞ്ഞിരുന്നതു പെരുന്നാൾ പുലരിയിലായിരുന്നു.

 ഋതുഭേതങ്ങളുടെ ഉത്സവമാണു പെരുന്നാളുകൾ. പെരുന്നാളുകൾ കണക്കാക്കുന്നതു ചാന്ദ്രവർഷത്തിലാണല്ലൊ. സൗരവർഷത്തേക്കാൾ ഇരുപതു ദിനത്തിന്റെ കുറവു ഹിജറ  വർഷത്തിനുള്ളതുകൊണ്ട് പെരുന്നാളുകൾ ഓരോ ഋതുവിലും മാറി വരുന്നു. വസന്തവും ഗ്രീഷ്മവും ശിശിരവും ഹേമന്തവുമെല്ലാം പെരുന്നാളുകളിൽ കടന്നുവരുന്നു. ഇതര മതാഘോഷങ്ങൾക്കു ഋതുഭേതവുമായി ബന്ധമുണ്ടെന്നു തോന്നുന്നില്ല. വേനലിന്റെ ചൂടും ശിശിരത്തിന്റെ കുളിരും വസന്തത്തിന്റെ സുഗന്ധവും പെരുന്നാളുകൾക്കു മാത്രം സ്വന്തം.

മതിമറന്നാഘോഷിക്കുവാനുള്ളതല്ല  പെരുന്നാളുകളെന്ന തിരിച്ചറിവുണ്ടാവാൻ ബാല്യവും കൗമാരവും കടന്ന് ഒരുപാട് ദൂരം പിന്നിടേണ്ടിവന്നു.

‘ പിന്നീട് ആ ദിവസത്തിൽ സുഖാനുഭവങ്ങളെപ്പറ്റി തീർച്ചയായും നിങ്ങൾ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും’. വിശുദ്ധ ഖുർ’ആനിലെ അദ്ധ്യായം 102 അവസാനിക്കുന്നതു ഇപ്രകാരമാണു.
 ഈ സൂക്തം ജീവിതം മതിമറന്നോഘോഷിക്കുന്നവർക്കുള്ള താക്കീതാണു. തങ്ങൾക്കു ലഭിച്ച സൗഭാഗ്യങ്ങൾ സഹജീവികൾക്കായി പങ്കുവെക്കുവാൻ മടിക്കുന്നവർക്കുള്ള മുന്നറിയിപ്പാണു.
പുതുവസ്ത്രമണിയുമ്പോൾ വിശ്വാസി ഇങ്ങനെ പ്രാർഥിക്കണമെന്നു പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്. ‘അള്ളാഹുവേ, എല്ലാ സ്തുതിയും നിനക്കാണു .എന്നെ അണിയിച്ച ഈ വസ്ത്രത്തിൽ നിന്നുള്ള നന്മയേയും എന്തിനുവേണ്ടിയാണോ ഇതു നിർമിച്ചതു അതിന്റെ നന്മയേയും ഞാൻ ചോദിക്കുന്നു. ഇതിൽ നിന്നുള്ള തിന്മയിൽ നിന്നും  എന്തിനു വേണ്ടിയാണോ ഇതു നിർമിച്ചത് അതിന്റെ തിന്മയിൽനിന്നും ഞാൻ നിന്നിൽ ശരണം തേടുകയും ചെയ്യുന്നു.’

പുതുവസ്ത്രമണിയുമ്പോൾ അതില്ലാത്തവരെയോർക്കുക.  വയറുനിറച്ചുണ്ണുമ്പോൾ അതിനു കഴിയാത്തവരെയോർക്കുക.

ഈ പെരുന്നാളിലെ നമസ്കാരശേഷം പരസ്പരം ആശംസകൾ പങ്കിടുമ്പോൾ കൈമാറാനാവതെ ഹൃദയത്തിന്റെ അടിത്തട്ടിൽ രണ്ടാശംസകൾ നോവായി ഘനീഭവിച്ചു കിടക്കുമെന്നു ഞാൻ തിരിച്ചറിയുന്നു. കുട്ടിക്കാലത്തു കാലണത്തുട്ട് പെരുന്നാളുപഹാരമായി തന്നിരുന്ന പ്രിയപ്പെട്ട ഉപ്പയ്ക്കും കഴിഞ്ഞ  പെരുന്നാൾ ചോറു വിളമ്പിത്തന്ന പ്രിയപ്പെട്ട ഉമ്മക്കും കൈമാറേണ്ടവ. ആയുസ്സിന്റെ പുസ്തകത്തിൽ അടുത്ത പെരുന്നാളിനു ആരുടെയൊക്കെ പേജുകളാണവശേഷിക്കുന്നതെന്നു  അറിയില്ലല്ലൊ.

തക്കബ്ബലള്ളാഹു മിൻ വ മിൻക്കും (അള്ളാഹു എന്റേയും നിങ്ങളുടേയും സൽകർമങ്ങൾ സ്വീകരിക്കുമാറാകട്ടെ)
ഗസ്സയെക്കുറിച്ചോർക്കാതെ ഈ പെരുന്നാൽ സുദിനം കടന്നുപോവാനാവില്ല.

അവർക്കായി ഇത്രയും കുറിക്കട്ടെ.

സത്യതിനെതിരെ നൂറ്റാണ്ടുകൾക്കു മുമ്പേ  
തുടങ്ങിയതാണീ ക്രൂരത 
മരുഭൂമിയിൽ കീറി മുറിച്ചു വലിച്ചിഴച്ചവർ 
കരളു പിഴുതു വായിലിട്ടു ചവച്ചു തുപ്പിയോർ
ഇരുമ്പ് കൊളുത്തിട്ടു ദേഹം ചീകിയവർ
അങ്ങനെ നടുക്കുന്ന ഓര്മ്മകൾ 
എത്ര എത്ര !

സത്യം എക്കാലവും പരീഷണം 
നേരിട്ട് കൊണ്ടേ യിരിക്കും

അവർക്കുള്ളത് "താഴ്വരയിലൂടെ 
ഒഴുകുന്ന പുഴക്കരികിലെ സ്വർഗം "


Thursday, 10 April 2014

വിശ്വാസം, അതല്ലേ എല്ലാം!
ഇന്നലെ രാത്രി തന്നെ മനസ്സിൽ കരുതിയിരുന്നു, ആദ്യ മണിക്കൂറിൽ തന്നെ വോട്ട് ചെയ്യണമെന്നു. കാത്തുനിൽക്കേണ്ടിവന്നില്ല. ചെന്ന പാടെ വോട്ട് ചെയ്യാൻ കഴിഞ്ഞു. പേരു വായിക്കുന്നു, അടിയിൽ വരക്കുന്നു, ഒപ്പിടീക്കുന്നു, മഷി പുരട്ടുന്നു.  ബാലറ്റ് പേപ്പറിനു പകരം ബാലറ്റ് യന്ത്രമാണെന്നൊരു മാറ്റം മാത്രമേ വന്നിട്ടുള്ളൂ.
 പഴയ സമ്പ്രദായത്തിൽ സംതൃപ്തിയോടെ വോട്ടു ചെയ്യുവാൻ കഴിഞ്ഞിരുന്നു. ബാലറ്റ് പേപ്പർ നാലായി മടക്കി നിവർത്തി കൈയിൽ കിട്ടുമ്പോൾ എന്തൊരനുഭൂതിയായിരുന്നു. ചിഹ്നത്തിൽ സീലുകുത്തി നാലായിമടക്കി പെട്ടിയിലിട്ടാൽ കിട്ടിയിരുന്ന സംതൃപ്തി ബാലറ്റ് യന്ത്രത്തിൽ കിട്ടുന്നില്ല. തന്റെ വോട്ട് ആ കടലാസിൽ ഭദ്രമെന്നു വിശ്വാസമുണ്ടായിരുന്നു. ആ വിശ്വാസം ഈ യന്ത്രം തരുന്നില്ല.
ഇങ്ങനെ ചിന്തിക്കാൻ കാരണമുണ്ട്. ഇക്കഴിഞ്ഞ ഏപ്രിൽ 7 നായിരുന്നു അസാമിൽ പോളിങ്. അവിടുത്തെ ഒരു മണ്ഡലത്തിൽ മോക്കു പോളിങ് നടത്തിയപ്പോൾ ചൈയ്ത വോട്ടെല്ലാം ബി.ജെ.പി ചിഹ്നത്തിൽ വീണത്രേ! ഏതു ചിഹ്നത്തിനു നേരെയുള്ള ബട്ടൺ അമർത്തിയാലും വോട്ട് വീണതു താമരയിലായിരുന്നു. ഈ തകരാറു പരിഹരിച്ചാണു വോട്ടിംഗ് ആരംഭിച്ചതു. എന്നാലും ഒരു ശങ്ക. യന്ത്രമല്ലെ. തകരാറു വീണ്ടും വന്നുകൂടെന്നില്ലല്ലോ. വോട്ടിംഗ് തുടർന്നുകൊണ്ടിരിക്കുമ്പോൾ വോട്ടെല്ലാം ഒരേ ചിഹ്നത്തിൽ വീണുകൊണ്ടിരിക്കില്ലയെന്നതിനു വല്ല ഉറപ്പുമുണ്ടോ?

എന്റെ വോട്ട് ഞാനമർത്തിയ ബട്ടണു നേരെയുള്ള ചിഹ്നത്തിൽ തന്നെയാണു വീണതെന്നതിനു എന്താണുറപ്പ്? ഏറ്റവും വലിയ  ജനാധിപത്യരാജ്യത്തിൽ നടക്കുന്ന ലോകത്തിലേക്കും വലിയ തെരഞ്ഞെടുപ്പെന്നു നാം വീമ്പു പറയുമ്പോഴും മനസ്സിലേക്കു കടന്നുവരുന്നു പ്രസിദ്ധമായ ആ പരസ്യവാചകം. ‘വിശ്വാസം, അതല്ലെ എല്ലാം.’ 

Monday, 3 March 2014

              പതിരു വാണിഭം
വള്ളുവനാട്ഗ്രാമങ്ങളിലെ പൂരവേലനേർച്ചപ്പുലരികളിൽ ഉത്സവപ്പറമ്പുകളിൽ നടന്നിരുന്ന  വിശേഷ വ്യാപരോത്സവമായിരുന്നു  ‘പതിരു വാണിഭം’. കാർഷിക സമൃദ്ധിയുമായി ബന്ധപ്പെട്ടതാണീ മേള. കൃഷി പ്രധാന ജീവിതോപാധിയായിരുന്ന കഴിഞ്ഞ നൂറ്റാണ്ടിലെ അവസാന ദശകങ്ങളിലും ഈ പൗരാണികമേള സജീവമായിരുന്നു. കേരളത്തിന്റെ നെല്ലറയായാണല്ലൊ പാലക്കാട് അറിയപ്പെട്ടിരുന്നത്. മകരക്കൊയ്ത്ത് കഴിഞ്ഞാൽ പിന്നെ വിശ്രമകാലമാണു. മകരത്തിൽ തുടങ്ങും ഒറ്റപ്പെട്ട വേലകളും നേർച്ചകളും.. കുംഭം പൂരങ്ങളുടെ മാസമാണു. ഒരുഗ്രാമം ഒന്നിച്ചാഘോഷിക്കുന്ന ഈ വേള അടുത്ത കൊല്ലത്തേക്കവർക്കാവശ്യമുള്ള ഗൃഹോപകരണങ്ങളും കാർഷികോപകരണങ്ങളും സ്വരൂപിക്കുവാനുള്ള അവസരമായി മാറുന്നു.
പൊന്നാനി ചാവക്കാടു ഭാഗത്തുള്ള് മത്സ്യവ്യാപാരികൾ ഉത്സവത്തലേന്നു തന്നെ എത്തിച്ചേരും. ഉണക്ക സ്രാവാണു അവരുടെ മാസ്റ്റർ ചരക്കു കൂടെ ചെറൂ മൽസ്യങ്ങളും ഉണ്ടായിരിക്കും.
നെല്ലിന്റെ പതിരു കൊടുത്താണു മത്സ്യം വാങ്ങിയിരുന്നതു.വെറും പതിരു കൊടുത്താൽ പകരം മീൻ കിട്ടുമെന്നു ധരിക്കേണ്ട. വാണിഭത്തിനുള്ളപതിരുതയാറാക്കൽ കർഷക വീടുകളിലെ ഒരു പ്രധാന ചടങ്ങായിരുന്നു. കനമുള്ള പതിരു നേരത്തെ നെല്ലുചേറി വൃത്തിയാക്കുമ്പോൾ ശേഖരിച്ചിരിക്കും. ഈ പതിരു വാണിഭത്തലേന്നു രാവിൽ  മുറ്റത്തു പരത്തിയിടും. ഇവിടെ ഒരു ചൂഷണത്തിന്റെ മുഖം തുറക്കപ്പെടുകയാണു. രാവിലെ മഞ്ഞുകൊണ്ട് പതിരു കനം വെക്കും. ഇതിൽ പതിരിന്റെ തൂക്കത്തിനു അനുസ്ർതമായി കുറച്ചു നെല്ലു ചേർക്കും. ഈ മിശ്രിതമാണു വാണിഭത്തിനുള്ള കൈമാറ്റ വസ്തു.

പുലർച്ചെ മൂന്നുമണിക്ക് തന്നെ വീടുകളിലെ കൃഷിപ്പണിക്കാർ എത്തിയിരിക്കും. മുളചീന്തി മെടഞ്ഞുണ്ടാക്കിയ വലിയ കൊട്ടയിൽ പതിരു നിറക്കും. കൊട്ട തലയിലേറ്റി വാണിഭ നഗരിയിലേക്കു നീങ്ങും. യാത്രയെ നയിക്കുന്നതു വീട്ടുകാരണവരായിരിക്കും. കൊട്ടകളുടെ എണ്ണവും വണ്ണവും കണ്ടാലറിയാം വീട്ടുകാരന്റെ പ്രൗഡി. മത്സ്യങ്ങൾ നിരത്തിവെച്ചു വ്യാപാരികൾ നിരനിരയായി ഇരിക്കുന്നുണ്ടാവും. ഓരോ കൊട്ടയും ഇവരുടെ മുന്നിൽ ഇറക്കിവെക്കും. വ്യാപാരി ഇരുകൈകളിൽ കൊട്ട പൊക്കിനോക്കി മൂല്യം നിശ്ചയിക്കും. ചിലപ്പോൾ കൈ പതിരിലേക്കു ഇറക്കി ഒരുപിടി വാരി വായിലിട്ടു ചവച്ചു നോക്കും. അതനുസരിച്ചുള്ള മീൻ എടുത്തു നീക്കിവെക്കും. തൃപ്തികരമെന്നു തോന്നിയാൽ പതിരു കൈമാറി മീനുമായി മടങ്ങാം. അല്ലെങ്കിൽ അടുത്ത വ്യാപാരിയെ സമീപിക്കാം. ഈ കൊടുക്കൽ വാങ്ങൽ പ്രക്രിയയിൽ വിലപേശലിനു അവസരമുണ്ട്.

ഇങ്ങനെ ലഭ്യമാകുന്ന ഉണക്ക മത്സ്യം അടുത്ത വാണിഭം വരെ കരുതിവെച്ചു ഉപയോഗിക്കുന്നവരുണ്ട്. കൃഷി ജീവിതോപാധിയല്ലാതായപ്പോൾ ഈ ബാർടർ സമ്പ്രദായം ക്രമേണ നിലച്ചുപോകുകയാണൂണ്ടായതു. പാരമ്പര്യത്തിന്റെ ഓർമപ്പെടുത്തലുമായി എത്തുന്ന മേള ഒരു പ്രദേശത്തിന്റെ സാംസ്‌കാരിക പൈതൃകത്തെയാണ് വിളംബരം ചെയ്തിരുന്നതു..  ഗ്രാമീണ കേരളത്തിന്റെ വിഭവങ്ങളുടെ കാഴ്ചയൊരുക്കമായിരുന്നു  വാണിഭം സമ്മാനിച്ചിരുന്നതു. ഗ്രാമീണ ജീവിതവുമായി അത്രമാത്രം ഇഴുകിച്ചേർന്നിരുന്നു ഈ സമ്പ്രദായം.. ആധുനികതയെ വാരിപ്പുണർന്നപ്പൊൾ നഷ്ടപ്പെട്ടുപോയ അനേകം നന്മകളിൽ ഒന്നു.

Thursday, 16 January 2014

           അസംതൃപ്തിയുടെ രാഷ്ട്രീയം
അസംപതൃപ്ത രാഷ്ട്രീയത്തിന്റേയും വിമത രാഷ്ട്രീയത്തിന്റേയും ഉത്പന്നമാണു ആം ആദ്മി പാർടി. ഇതുപോലൊരു രാഷ്ട്രീയഭൂമിക പാകപെട്ടുവരുന്ന സാഹചര്യമാണു  അടിയന്തരാവസ്ഥയിലേക്കു ശ്നയിച്ചതു. ‘ജനാധിപത്യ ഫാസിസംനിലനിൽക്കവെ നടന്ന തെരഞ്ഞെടുപ്പിൽ ഈ രാഷ്ട്രീയ ഭൂമിക വിശാലമാവുകയും അസംപ്തൃപ്തരും വിമതരുമടങ്ങുന്ന പുതിയ സഖ്യം സീറ്റുകൾ തൂത്തുവാരുകയും ചൈയ്തു. ഇന്ത്യൻ ജനാധിപത്യത്തിന്റെ നവോദയമായതിനെ പലരും കണ്ടു. അതുവരെ തുടർന്നുവന്ന പഞ്ചവത്സരപദ്ധതികൾക്കു പകരം ഉരുളും പദ്ധതികൾ(Rolling Plan) വന്നു. ജനം പ്രതീക്ഷയോടെ കാത്തിരുന്നു. നിരാശയായിരുന്നു ഫലം. നാളേറെക്കഴിയും മുമ്പേ വിശാലസഖ്യം തല്ലിപ്പിരിഞ്ഞതു നേരത്തെ തൂത്തുവാരിയ ചൂലുപയോഗിച്ചുതന്നെയായിരുന്നു.
ഇടതുകക്ഷികൾ പോലും അന്നാ സഖ്യത്തെ പിന്തുണച്ചിരുന്നു. പക്ഷേ, അന്നൊരിക്കലും ഞങ്ങൾക്കു ചെയ്യുവാൻ കഴിയാത്തതാണു അവർ ചൈയ്തതെന്നു പറഞ്ഞിരുന്നില്ല. ഡൽഹിയിലെ ആം ആദ്മിയുടെ വിജയം മുഖ്യധാരാ രാഷ്ട്രീയകക്ഷികൾ ഒന്നടക്കം ആഘോഷിക്കുകയാണിപ്പോൾ. ഇത്രനാളായി ഞങ്ങൾക്കു ചെയ്യാൻ കഴിയാഞ്ഞതു ആം ആദ്മി പാർടി ചൈയ്തിരിക്കുന്നുവെന്നാണിപ്പോൾ അവർ പറയുന്നതു. ആത്മഹത്യാപരമാണിതു. ആം ആദ്മി പാർടി രണ്ടുനാൾകൊണ്ട് നേടിയെടുത്തതാണൊ ഇടതുപക്ഷ രാഷ്ട്രീയം. ആണെങ്കിൽ കമ്മ്യൂണിസ്റ്റുപാർടികൾ പിരിച്ചുവിടുകയാണു നല്ലതു. അസംതൃപ്തരുടെ രാഷ്ട്രീയമെല്ലല്ലൊ ഇടതുപക്ഷ രാഷ്ട്രീയം. ഡൽഹിയിൽ പരിക്കേറ്റത് കോൺഗ്രസ്സിനാണെങ്കിൽ കേരളത്തിൽ ഇടതുപക്ഷമാണങ്കലാപ്പിൽ. ഇടതുപക്ഷ ബുദ്ധിജീവികളും പല്ലും നഖവും കൊഴിഞ്ഞ പഴയ വിപ്ലവകാരികളും പുറത്തുപോയവരും പുറത്താക്കപെട്ടവരും എല്ലാം ഇവിടെ ആം ആദ്മിയെ പുകഴ്ത്തുന്ന തെരക്കിലാണു.
ഞങ്ങളിൽനിന്നു ഉതിർന്നുപോയ ഗാന്ധിത്തൊപ്പിയാണു ആം ആദ്മി പാർടിക്കാർ എടുത്തണിഞ്ഞതെന്നു കോൺഗ്രസ്സുകാർ വിലപിക്കുന്നു. അതുകൊണ്ടായിരിക്കാം മാസങ്ങൾക്കു മുമ്പ് തന്നെ Back to Gandhi യെന്നു കുട്ടികൾ പറഞ്ഞതു. ഗാന്ധിത്തൊപ്പി വീണുപോയെന്നു ഉറപ്പായെശ്ങ്കിൽ കോൺഗ്രസ്സ്പാർടിയും പിരിച്ചുവിടുകയാണു വേണ്ടതു. ലീഗിനെപ്പോലെയുള്ള പാർടികളും പറയുന്നു ഞങ്ങളാണു യഥാർഥ ആം ആദ്മി പാർടിയെന്നു. എന്തായാലും വ്യക്തമായ അജണ്ടയില്ലാത്ത ഭരണഘടനപോലുമില്ലാത്ത അഭയാർഥികളുടെ കൂടാരമായ ആം ആദ്മി പാർടിയെ എല്ലാവരും ഭയക്കുന്നു. വേറിട്ട ചിന്തയുള്ളതു ബി.ജെ.പി ക്കു മാത്രമാണു. ഞങ്ങളാണു യഥാർഥ ആം ആദ്മിയെന്നു അവരിതുവരെ പറഞ്ഞിട്ടില്ല. ഇത്തവണയെന്തായാലും ഞങ്ങൾക്കുതന്നെ ഭരണമെന്ന ആത്മവിശ്വാസമാവാം അവർക്കു.

അടിയന്തരാവസ്ഥയുടെ ഉത്പന്നമായിരുന്ന വിശാലസഖ്യത്തിന്റെ ഗതി ആം ആദ്മിക്കും വന്നുകൂടായ്കയില്ല. അതുവരെ ഒരു തിരുത്തൽ ശക്തിയായി  ആം ആദ്മി നിലനിൽക്കണമെന്നാണെന്റെ ആഗ്രഹം. അതിനിടയിൽ വീണുകിട്ടുന്ന ഇടവേളകൾ മുഖ്യധാരാരാഷട്ട്രീയക്കാർ കുംബസരിക്കുവാൻ ഉപയോഗിക്കട്ടെ. ഇടതുകക്ഷികൾക്കു നഷ്ടപ്പെട്ട  ദിശാബോധം വീണ്ടെടുക്കുവാനും കഴിയട്ടെ