വാക മരച്ചോട്ടിലെ മീട്ട ബഹൻ
അഥവാ ഒരവധിക്കാലം
ഈ അവധിക്ക് നാട്ടിലെത്തുമ്പോൾ പഴയ തോപ്പിലേക്ക് എന്തായാലും പോകണമെന്ന് തീരുമാനിച്ചിരുന്നു . പ്ലാവും മാവും വാകയും
കൂടാതെ ഏതാണ്ടെല്ലാ നാടൻ മരങ്ങളും അവിടെയുണ്ട് . കുട്ടിയായിരിക്കുമ്പോൾ സ്കൂൾ മധ്യവേനലവധിക്കാലത്ത് കൂട്ടുകാരോടൊത്ത് ഇവിടെ വരുമായിരുന്നു. ആദ്യമായി ചൈയ്തിരുന്നത് ഒരുമിച്ചിരിക്കാൻ സൌകര്യമുള്ള ഒരിടം തെരഞ്ഞെടുക്കുകയായിരുന്നു. നല്ല തണൽ കിട്ടുന്ന മരച്ചുവട്ടിൽ കിട്ടുന്ന മുളങ്കാലുകളും മരച്ചില്ലകളും തെങ്ങോലകളും കൊണ്ട് ഒരു പന്തൽ കെട്ടും. പിന്നെയവിടെ പാട്ടും കൂത്തും നാടകവും പ്രസംഗവും എല്ലാമായുള്ള കലോത്സവമായിരിക്കും. ചിലപ്പോളവിടെ വാണിഭങ്ങൾ അരങ്ങേറും. വരനും വധുവും ഒക്കെയായി കല്യാണങ്ങളും നടക്കും.
ഇത്തവണ നാട്ടിലെത്തുന്നത് അതേ അവധി ദിനങ്ങളിലാണ്. അതുകൊണ്ടായിരിക്കാം സ്ക്കൂൾ കാലങ്ങൾ മനസ്സിലേക്കോടിയെത്തിയത്.
ഓരോ അവധി വേളകളിലും നടക്കാതെ പോയ മോഹം ഇത്തവണ എന്തായാലും നടത്തണമെന്ന് ഒരു വാശി പോലെ മനസിലുറപ്പിച്ചിരുന്നു. തലേ ദിവസം അത്താഴം കഴിച്ച് കഴിഞ്ഞപ്പോൾ നാളെ
പഴയ തോപ്പിൽ പോകണമെന്ന് പറഞ്ഞു.
കേട്ട പാതി ‘ഓ കെ’ പറഞ്ഞത് മോളായിരുന്നു. അവൾക്കാണെങ്കിൽ എന്നും പരാതിയാണ്. പപ്പയുടെ നാടും നാട്ടുകാരും അവളെ അത്ര കണ്ട് ത്രസിപ്പിച്ചിരിക്കുന്നു. നാട് കാണാനും നാട്ടുകാരെ പരിചയപ്പെടാനും വഴിയുണ്ടാക്കാമെന്ന് ഞാൻ വാക്കും കൊടുത്തിരുന്നു.
“എങ്ങടാ നീ ജീൻസും ടോപ്പൊക്കെ ഇട്ട്. കല്യാണത്തിനാ… “
പ്രഭാത ഭക്ഷണവും കഴിഞ് പുറപ്പെടാൻ റെഡിയായി വന്നതാണവൾ അതി രാവിലെ തന്നെ.
ഞാനാണെങ്കിൽ വളരെ പിന്നിലാണ്. പ്രഭാത കൃത്യങ്ങൾ കഴിഞ് റെഡിയാവണമെങ്കിൽ 10മണിയെങ്കിലും ആവും.
ചോദ്യം അവൾക്കിഷ്ട്ടപ്പെട്ടില്ലന്ന് മുഖഭാവം കണ്ടാലറിയാം.
“ശരി മോളെ, ഒരു 15മിനിറ്റ്. “ ഒരു നല്ല കാര്യത്തിനിറങ്ങുന്നതല്ലേ. മുഷിപ്പിക്കേണ്ട. വായിച്ചു കൊണ്ടിരുന്ന ന്യൂസ് പേപ്പർ മടക്കി വെച്ച് ഞാൻ സ്വയം അഡ്ജസ്റ്റ് ചൈയ്തു.
ഒരൊറ്റമുണ്ടും ടീ ഷർട്ടും എടുത്തണിഞ് ഞാനും റെഡിയായി.
“മാസ്ക്കെടുക്കാൻ മറക്കേണ്ട, വൈറസ് ഇപ്പോൾ ഇടവഴികളിലും ഉണ്ട് “
ആഹാരം കഴിച്ച് കൊണ്ടിരിക്കുമ്പോൾ സുമി പറഞ്ഞതിന് അർത്ഥതലങ്ങൾ തേടേണ്ടതുണ്ടോ.
‘മാസ്ക് മാത്രമാവേണ്ട, ഗ്ലൗസും എടുത്തോ മോളെ. ഒപ്പം ഈ മൊബൈലും ആ ബാഗിൽ ഇരുന്നോട്ടെ ‘.
മകൾ കൊണ്ടുവന്ന മാസ്ക് വാങ്ങി ധരിക്കുമ്പോൾ വെറുതെ മനസ് പറഞ്ഞു
‘ മുഖം മൂടി പണ്ടേ എനിക്കിഷ്ടമല്ല. എല്ലാം തുറന്ന് പറഞ്ഞിട്ടേ ഉള്ളൂ, എല്ലാവരോടും ‘
പുറത്തേക്കിറങ്ങുമ്പോൾ ചുമർ ഘടികാരം
8 മണി അടിച്ചറിയിച്ചു.
“വാ മോളേ, വെയിൽ ചൂടാകും മുമ്പെ തിരിച്ചെത്തണം.”
ഗേറ്റ് കടക്കുമ്പോൾ മോള് ചോദിച്ചു
“നടന്നാണോ പപ്പാ…. “
പോകേണ്ട വഴികളെ കുറിച്ച് അവൾക്ക് അറിയില്ലല്ലോ. ഇടവഴികളും കുന്നുകളും തോടുകളും അന്യമായതാണല്ലോ അവളുടെ ജീവിതം.
‘നാട് നടന്നു തന്നെ കാണണം. എങ്കിലേ അതിന്റെ ആത്മാവ് തൊട്ടറിയാൻ കഴിയൂ ‘
അതവൾ ശ്രദ്ധിച്ചോ എന്നറിയില്ല. പുറം കാഴ്ചകൾ അത്രമേൽ അവളെ സ്വാധീനിച്ചിരിക്കാം. അതുകൊണ്ടായിരിക്കാം മറുമൊഴി ഇല്ലാത്തത്.
ടാർ റോഡ് മുറിച് കടന്ന് സാമാന്യം വീതിയുള്ള ഇട റോഡിലേക്ക് കടന്നു. ഈ റോഡിന് അന്നും ഇതേ വീതി തന്നെയായിരുന്നു. പ്രധാന റോഡിനോട് ചേർന്ന് ഒരു കാള വണ്ടി നിറുത്തിയിട്ടുണ്ടാവും. അതിപ്പോൾ കാണുന്നില്ല എന്ന് മാത്രം. കൊല്ലങ്ങൾക്ക് മുമ്പ് ടാറിട്ടതിന്റെ ലക്ഷണവും കാണുന്നുണ്ട്. ഇരു പുറവും ഇന്ന് കാണുന്ന ചായം തേച്ച മതിലുകളും അതിനകത്തെ വാർപ്പ് വീടുകളും ഉണ്ടായിരുന്നില്ല. ഉയർന്ന മണ്ണ് മതിലുകളും അരികിൽ നിന്നിരുന്ന കുറ്റി മരങ്ങളും ആണ് അതിർത്തി ഇട്ടിരുന്നത്. വീടുകളും കുറവായിരുന്നു. വലിയതെന്ന് പറയുന്ന വീടുകളെല്ലാം ഓട് മേഞ്ഞതായിരുന്നു.
ഇരു ഭാഗത്തേക്കും കൗതുകത്തോടെ നോക്കിയും പറയാനെന്തോ ബാക്കിവെച്ചുമായിരുന്നു അവളുടെ നടത്തം. ഇപ്പോൾ പാതി ദൂരം പിന്നിട്ടിരിക്കുന്നു. അന്നൊക്കെ ഈ സമയം കൊണ്ട് അവിടെയെത്തിയിരിക്കും.
“ഇനിയെങ്ങോട്ടാ പപ്പാ.. “ ഒരു തിരിവ് കഴിഞ്ഞിടത്ത് ഇടത്തേക്കൊരു ഇടവഴിയുണ്ട്. അവിടെ എത്തിയപ്പോഴാണ് അവൾ ചോദിച്ചത്.
ആദ്യമായി വരുന്ന വഴികളിലെ തിരിവുകളിലെത്തുമ്പോൾ സംശയിക്കാം. എങ്കിലും എത്ര കൃത്യമായാണവൾ ആ ഇടവഴിയിലേക്ക് കാല് വെച്ചത്.
“തെറ്റിയിട്ടില്ല, നടന്നോളൂ…”
ഓരോ കാര്യങ്ങളോർത്തുള്ള നടത്തത്തിൽ അവൾ മുന്നിൽ കയറിയത് ഞാനറിഞ്ഞിരുന്നില്ല.
ഒരാൾക്ക് മാത്രം നടന്നു പോകാവുന്ന ഇടുങ്ങിയ ഈ വഴിക്ക് ഇപ്പോഴും മാറ്റമൊന്നുമില്ല. ഇരുവശങ്ങളിലും പഴയ മുള്ളു വേലിയുടെ അവശിഷ്ടങ്ങൾ കിടക്കുന്നു. അവക്കിടയിൽ തെച്ചിയും ശീമക്കൊന്നയും ഇടതൂർന്ന് വളർന്ന് അതിർത്തിയിട്ടിരിക്കുന്നു. ഇടവഴിയിൽ കൊഴിഞ്ഞ ഇലകളും വാടിയ പൂക്കളും പരവതാനി വിരിച്ചിരിക്കുന്നു.
മുന്നിൽ നടന്നിരുന്ന അവളിപ്പോൾ എന്റെ കയ്യിൽ പിടിച്ചാണ് നടപ്പ്. ആദ്യമായിട്ടാണല്ലോ വെളിച്ചം കുറഞ്ഞ ഇത്തരം വഴികളിലൂടെയുള്ള നടത്തം.
വഴിയവസാനിക്കുന്നത് മറ്റൊരു പാതയിലാണ്. ടാറിട്ട സാമാന്യം വീതിയുള്ള റോഡ്. ഈ റോഡ് പുതിയതാണ്. അന്ന് ഒരു ചെറിയ മൺ പാത കുന്നിനപ്പുറമുള്ള തോട്ട് വക്ക് വരെ ഉണ്ടായിരുന്നു. തോട്ടിനപ്പുറം നെൽ വയലാണ്. തോടിന് പാലമിട്ട് വയലിലൂടെ റോഡ് നിർമിച്ചാൽ ടൗണിലേക്കുള്ള വലിയ റോഡിലെത്താം. അങ്ങനെയൊരു റോഡ് വന്നതാവാം. വിശാലമായ സ്ഥലം പരിചയമില്ലാത്ത വിധം മാറിയിരിക്കുന്നു. നാലോ അഞ്ചോ ഏക്രയിൽ മരങ്ങളും വള്ളിപ്പടർപ്പുകളുമായി കിടന്നിരുന്ന ആ പഴയ മാട്ടം എവിടെയാണ്. ഒരാളുയരത്തിലുണ്ടായിരുന്ന മണ്ണ് തിട്ടും അരികിൽ ഉയർന്നു നിന്നിരുന്ന വൻ മരങ്ങളും എവിടെ ! തട്ട് തട്ടായി കുന്നിന് താഴെ കിടന്നിരുന്ന എന്റെ ബാല്യകാല കേളീ രംഗം എവിടെ. രണ്ടാമത്തെ തട്ടിൽ ഇടത് ഭാഗത്തെ വാക മരവും അതിന് താഴെയുള്ള ചരൽ മൈതാനവും മനസ്സിൽ കാണാനാവും.
ആ വാകമരം എന്റെ ജീവിതത്തിൽ അടയാളമിട്ടാണ് പോയിരിക്കുന്നത്.
‘പപ്പയെന്താണ് ആലോചിക്കുന്നത്. തോപ്പിലേക്കല്ലേ നമ്മൾ പോണത് ‘
ആലോചനക്കിടയിൽ എന്റെ നടത്തം എപ്പോഴോ നിലച്ചു പോയിരുന്നു.
വിശാലമായി കിടന്നിരുന്ന ഭൂമി കൊച്ചു കൊച്ചു മതിലുകളാൽ വിഭജിച്ചിരിക്കുന്നു. ചുറ്റിലും കൂറ്റൻ മതിലും ഉള്ളിലേക്കൊരു പ്രവേശന കവാടവും. പ്രവേശന കവാടം തുറക്കുന്നത് പുതിയ റോഡിൽ നിന്നാണ്.
കവാടത്തിന്റെ ഒരു വശത്തെ ബോർഡ് അപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്.
‘Harsha Homes Land Pvt.Ltd.’
“പപ്പാ….” മോള് വീണ്ടും വിളിച്ചു.
ഇവിടെ എന്റെ ഭൂത കാലം മരിച്ചു കിടക്കുന്നു. ആ വാകമരവും എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു. മതിലിനുള്ളിലേക്ക് ഞാൻ ഏന്തിവലിഞ് നോക്കി. അവിടെ പുതിയ കെട്ടിടത്തിന്റെ ഓരത്ത് ഇപ്പോൾ ഒരു ഗുൽമോഹർ മരം നിൽക്കുന്നുണ്ട്, നിറയെ ചുകന്ന പൂക്കളുമായി.
“വാ മോളേ നമുക്ക് മടങ്ങാം “
“അപ്പൊ തോപ്പിലേക്ക് പോണില്ലേ “
ഇവിടയായിരുന്നു പപ്പയുടെ തോപ്പ്. പപ്പയുടെ മാത്രമെല്ല, എല്ലാ കൂട്ടുകാരുടെയും തോപ്പ്. ഞങ്ങൾ വിലകൊടുത്ത് വാങ്ങിയതല്ലെങ്കിലും വിലമതിക്കാനാവാത്ത തോപ്പ്.
ഇവിടെ ഞങ്ങളിരുന്ന് പാട്ട് പാടിയിട്ടുണ്ട്. നാടകം കളിച്ചിട്ടുണ്ട്.
ഞങ്ങൾ ആൺ കുട്ടികളും പെൺ കുട്ടികളും ഒരുമിച്ചിരുന്ന് കഥകൾ പറഞ്ഞിട്ടുണ്ട്. വധുവും വരനുമായി കല്യാണം കളിച്ചിട്ടുണ്ട്.
ഇവിടെ അടുത്തായിരുന്നു മീട്ടയുടെ വീട്. മീട്ടയും ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു.
വളരെക്കാലം മുംബൈയിലായിരുന്നു മീട്ടയുടെ അച്ഛനും അമ്മയും. മലയാളികളാണെങ്കിലും പരസ്പരം കണ്ടതും വിവാഹിതരായതും അവിടെ വെച്ചായിരുന്നു. മീട്ട ജനിച്ചപ്പോൾ കേരളത്തിലേക്ക് തിരിച്ചു പോന്നു. ഞങ്ങളുടെ സ്കൂളിൽ തന്നെയായിരുന്നു അവളും. മഞ്ജുവിന് മീട്ട എന്ന വിളിപ്പേരുണ്ടെന്ന് ഞങ്ങളറിഞ്ഞത് അവളുടെ അമ്മ ഒരിക്കൽ ‘മീട്ടാ…’ എന്ന് നീട്ടി വിളിച്ചപ്പോളാണ്. കല്യാണം കളിയിൽ അവളായിരുന്നു വധുവിന്റെ സ്ഥാനത്ത്. വരനായി സുരേഷ് അല്ലെങ്കിൽ മജീദ് എന്നിവരായിരുന്നു.
മുതിർന്ന ക്‌ളാസ്സുകളിലെത്തിയപ്പോൾ കുറേ കൂടി ഗൗരവക്കാരായി ഞങ്ങൾ. വായന എന്നെപ്പോലെ അവൾക്കും ഇഷ്ടമായിരുന്നു. വായന ശാലയിൽ നിന്നും ഞാനെടുക്കുന്ന പുസ്തകങ്ങൾ അവൾ കൂടി വായിച്ചേ തിരിച്ചു കൊടുക്കാറുള്ളൂ. വളരും തോറും ഞങ്ങൾ കൂടുതൽ അടുത്തുകൊണ്ടിരുന്നു.
മീട്ട ബഹൻ’ എന്ന് ആദ്യമായി അവളെ വിളിച്ചത് ഞാൻ തന്നെയായിരുന്നു.
“മജീദിനും സുഹ്‌റക്കുമിടയിലെ വില്ലൻ, സത്യത്തിൽ, ഹോൺ മുഴക്കിയ ബസ്സല്ലേ. യാത്രക്കൊരുങ്ങിയ മജീദിനടുത്തെത്തിയിട്ടും അവളുടെ മൊഴി തടഞ്ഞത് ബസ്സല്ലേ . ബസ് അല്പം വൈകിയിരുന്നെങ്കിൽ ‘ബാല്യകാല സഖി’ യുടെ പര്യവസാനം മറ്റൊന്നാകുമായിരുന്നില്ലേ “
അവളുടെ ചോദ്യത്തിന് ബേപ്പൂർ സുൽത്താന്റെ മറുപടിയെന്തായിരിക്കുമെന്നാണ് ഞാൻ അപ്പോൾ ചിന്തിച്ചത്.
പിന്നീടൊരിക്കൽ അവൾ ചോദിച്ചു.
“ഈ രവിയെന്തിനാ കട്ട വിണ്ടിടത്ത് തള്ള വിരൽ അമർത്തിയത്. അത് കൊണ്ടല്ലേ സർപ്പം കൊത്തിയത് “
നിഷ്ക്കളങ്കമായ ഇത്തരം സന്ദേഹങ്ങളാണ് മീട്ടയെ എന്നിലേക്കടുപ്പിച്ചത്.
പിന്നെ ജോലി തേടി വിദേശത്തെത്തി. ആദ്യ രണ്ട് വർഷങ്ങൾ പിടിച്ച് നിൽക്കാനുള്ള ബദ്ധപ്പാടിലായിരുന്നു. ഇതിനിടയിൽ മീട്ട ബഹൻ വിവാഹിതയായി. മുബൈയിൽ തന്നെയുള്ള അച്ഛന്റെ ബന്ധുവായിരുന്നു വരൻ. അവരോടൊപ്പം അച്ഛനും അമ്മയും പഴയ നഗരത്തിലേക്ക് തന്നെ ചേക്കേറി. ആദ്യത്തെ ലീവിന് നാട്ടിൽ വന്നപ്പോൾ സുരേഷ് പറഞ്ഞാണ് വിവരം അറിഞ്ഞത്.
മീട്ടയെ പിന്നെ ഞാൻ കണ്ടിട്ടില്ല. പക്ഷെ ഞങ്ങളുടെ ബന്ധത്തിന്റെ ഊഷ്മളത മനസ്സിൽ നിന്നവളെ കുടിയിറക്കിയില്ല.
ആ ബന്ധത്തെ കുറിച്ച് ഞാൻ സുമിയോട് പറഞ്ഞിട്ടുണ്ട്. ആരായിരുന്നു എനിക്ക് മീട്ട ബഹൻ? ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. സ്നേഹബന്ധങ്ങൾ അങ്ങനെയാണ്. പറഞ്ഞറിയിക്കാനാവില്ല അതിന്റെ തീവ്രത, ഇഴയടുപ്പവും.
ഓരോ അവധിക്ക് നാട്ടിൽ വരുമ്പോളും ഈ സ്നേഹ ഭൂവിൽ വന്നിരിക്കാൻ കൊതിച്ചിട്ടുണ്ട്. 30ദിവസം.. ഏറിയാൽ 40ദിവസത്തെ ലീവ് ദിനങ്ങളിൽ ഒഴിവാക്കാനാവാത്ത ബന്ധുമിത്രങ്ങളുടെ കല്യാണങ്ങൾ, വീടിരിക്കൽ തുടങ്ങിയ ചടങ്ങുകൾ ഉണ്ടാവും. അടുത്ത കാലത്തായി മോളുടെ ആഗ്രഹങ്ങളും നിറവേറ്റിക്കൊടുക്കേണ്ടി വരുന്നുണ്ട്. അവളുടെ കൂട്ടുകാരികളും ഇതേ സമയം നാട്ടിൽ വന്നാൽ ആ വീടുകളിലും പോക ണം. അവരിങ്ങോട്ടും വരും. അപ്പോഴേക്കും ലീവ് തീർന്നിരിക്കും. പിന്നെ പോകാനുള്ള തയാറെടുപ്പാണ്. അതിനിടയിൽ സ്വന്തമായുള്ള മോഹങ്ങൾക്ക് എന്നും അവധിയായിരുന്നു. ഇത്തവണ വീണ് കിട്ടിയ അധിക ദിനങ്ങൾ കോവിഡിന്റേതാണ്. എങ്കിലും കമ്പനിക്ക് വേണ്ടിയുള്ള ‘വർക് ഫ്രം ഹോം ‘ ഡ്യൂട്ടിക്കിടെ സമയം കണ്ടെത്തിയതാണ് ഞാൻ.
മോളോടെന്ത് പറയുമെന്ന ഒറ്റ ചിന്തയിലാണ് തിരിച്ച് നടന്നത്.
“സാരമില്ല പപ്പ. എനിക്ക് മനസ്സിലാകും. വളരെ കാലായില്ലെ ഇങ്ങോട്ടൊക്കെ വന്നിട്ട്. എന്നും പഴേ പോലെ ആവില്ല്യല്ലോ. ദുബായിലും ഇങ്ങനെത്തന്നെ അല്ലേ. ഒരു സ്ഥലത്ത് പോയി തിരിച്ചു വന്ന് കുറേ കാലം കഴിഞ് വീണ്ടും അവിടെ ചെല്ലുമ്പോ ഈ അനുഭവം അവിടെം ഉണ്ടായിട്ടുണ്ടല്ലോ”
ശരിയാണ്.
പക്ഷെ മറക്കാൻ കഴിയാത്ത വികാരമാണ് സ്നേഹബന്ധങ്ങളും അവ പിച്ച വെച്ച ഇടങ്ങളും. എല്ലാവരും ശരിയായി മനസ്സിലാക്കിക്കൊള്ളണമെന്നില്ല.
“വിചാരിച്ചതിലും നേരത്തെ തിരിച്ചെത്തി യല്ലോ പപ്പയും മോളും “
അതിന് ചെവി കൊടുക്കാതെ ബാത്ത് റൂമിൽ കയറി തണുത്ത വെള്ളം കോരി മുഖത്തേക്കൊഴിച്ചു. കുറേ നേരം കണ്ണാടിയിൽ നോക്കി നിന്നു.
മാസാന്ത്യമായതിനാൽ ഓഫിസ് ജോലി കൂടുതലായിരുന്നു. അത്താഴ ശേഷവും കുറച്ച് നേരം ലാപ് ടോപിന് മുന്നിലിരിക്കേണ്ടി വന്നു. അപ്പോഴേക്കും സുമി ഉറങ്ങിക്കാണുമെന്നാണ് വിചാരിച്ചത്. ശബ്ദമുണ്ടാക്കാതെ കിടക്കയിൽ കിടന്നു. പതിവില്ലാതെയുള്ള സുമിയുടെ തേങ്ങൽ അലോസരപ്പെടുത്തി.
രാവിലെ വൈറസിനെ കുറിച്ച് പറഞ്ഞപ്പോൾ ഞാൻ ഊഹിച്ചതാ. അവളൊന്നും മറന്നിട്ടില്ലെന്ന്. ആർക്കും ആരെയും പൂർണമായി മനസ്സിലാക്കാൻ കഴിയില്ല.
ഇല്ല സുമി.. ഇനി ഞാനാവഴിക്ക് പോകില്ല. പോയിട്ട് കാര്യമില്ല. എന്റേതായൊന്നും അവിടെയില്ല. പോകേണ്ടായിരുന്നെന്ന് ഇപ്പോഴാണോർത്തത്. പഴയ ഓർമ്മകൾ ഇടക്കിടെ മനസ്സിൽ വരയ്ക്കുന്ന ചിത്രങ്ങൾ മാത്രം മതിയായിരുന്നു. ഇനി ആ ചിത്രങ്ങൾക്ക് പകരം തെളിഞ്ഞു വരുന്നത് ‘ഹർഷ ഹോംസ് ലാൻഡ്’ ആയിരിക്കുമല്ലോ.
മീട്ട എനിക്കാരായിരുന്നെന്ന്
പലവട്ടം ഞാൻ പറഞ്ഞതാണ്. നിധി കുംഭങ്ങൾ തേടി ഞാനെവിടെയും പോയിട്ടില്ല. പൗലോ പറഞ്ഞത് പോലെ എന്റെ നിധി എന്റെ കാൽച്ചുവട്ടിൽ തന്നെയെന്ന് ഞാൻ വിശ്വസിക്കുന്നു. നീയും നമ്മുടെ മോളും.
പതിയെ അവളുടെ തേങ്ങൽ നേർത്തു നേർത്തില്ലാതായി. ചൂടുള്ള നിശ്വാസങ്ങൾ മുഖത്ത് വീണപ്പോൾ ഞാൻ അവളുടെ കൈകൾ ചേർത്ത് പിടിച്ച് ചുംബിച്ചു.
#
ബഷീർഹസ്സൻ തട്ടത്താഴത്ത്
No comments:
Post a Comment