മഴയെക്കുറിച്ചുതന്നെ—വീണ്ടും
മഴപെയ്യാൻ മടിച്ചാണു ഇക്കൊല്ലം കാലവർഷം തുടങ്ങിയതെങ്കിലും ക്രമേണ
കനപ്പെടുകയും കിട്ടേണ്ടുന്ന മഴ ലഭിക്കുകയും ചൈയ്തിരിക്കുന്നു. ഡാമുകളിലെല്ലാം ജലനിരപ്പു
പരമാവധിയെത്തി. പത്തു ജില്ലകളിൽ സധാരണത്തേക്കാൾ കൂടുതലും ലഭിച്ചിട്ടുണ്ടെത്രെ. പാലക്കാടു
ജില്ലയിൽ മാത്രം ആറു ശതമാനം കൂടുതലാണത്രെ കിട്ടിയ മഴ.
മഴവെള്ളമെല്ലാം സർവം സഹയായ
ഭൂമി പിൽകാലത്തേക്കായി സംഭരിച്ചുവെക്കുകയാണു നമ്മുടെ നാട്ടിലെ രീതി. കിണറുകളും കുളങ്ങളും
കായലുകളും അടുത്ത കാലവർഷം വരെ വെള്ളം ആവശ്യാനുസരണം നമുക്കു തന്നുകൊണ്ടേയിരുന്നു. പുതുതായി
കുഴിക്കുന്ന കിണറുകളും കുളങ്ങളും നമുക്കായി വെള്ളം തന്നുകൊണ്ടിരുന്നു.
കുറച്ചുകാലമായി ഈ രീതിക്കൊരു
മാറ്റം വന്നിട്ടുണ്ടോ? മഴയൊഴിഞ്ഞു അധികകാലമാവും മുമ്പേ കിണറുകളും കുളങ്ങളും കായലും
പുഴയും കാലിയാവുന്നു! പിന്നെ വറുതിയുടെ ദിനങ്ങൾ. അടുത്ത കാലവർഷത്തിനായി വേഴാമ്പലിനെപ്പോലെ
കാത്തിരിപ്പു. ഭൂഗർഭജലം ഊറ്റിയെടുക്കുവാൻ മലയാളി ശ്രമിച്ചതപ്പോഴാണു. പിന്നേയുമുള്ള
ശ്രമത്തിലാണു ‘മഴവെള്ള സംഭരണി’യെ മലയാളി പരിചയപ്പെടുന്നതു. മലയാള ഭൂമിയുടെ ധർമം ആരാണപഹരിച്ചത്?
അതോ നമ്മുടെ ഭൂമിയാണോ അപഹരിക്കപ്പെട്ടത്?
കുളിക്കാനും കുടിക്കാനും പാചകത്തിനും കൃഷിക്കുമാണു നാം വെള്ളം ഉപയോഗിക്കുന്നതു.
ആധുനിക കാലത്തു വെള്ളത്തിന്റെ ഉപഭോഗത്തിന്റെ വ്യാപ്തി കൂടിയിരിക്കുന്നു. വ്യവസായ ശാലകൾ
ഉപയോഗിക്കുന്ന വെള്ളത്തിന്റെ കണക്കു മനുഷ്യൻ ഉപയോഗിക്കുന്ന വെള്ളത്തിന്റെ കണക്കിനേക്കാൾ
എത്രയോ ഇരട്ടിയാണത്രേ! വാതകങ്ങളും കീടനാശിനികളും
മാത്രമെല്ല വ്യവസായശാലകൾ പുറത്തുവിടുന്ന ചൂടും ശബ്ദവും അണുവികിരണവും വായുവും വെള്ളവും
മനിലമാക്കുന്നു. രണ്ട് ഹൈഡ്രജൻ മൂലകവും ഒരു ഓക്സിജൻ മൂലകവും സംയോജിക്കുന്നതാണു
‘വെള്ളം’ എന്നു മനുഷ്യൻ കണ്ടെത്തിയെങ്കിലും ഈ മൂലകങ്ങളെ കൂട്ടിയോജിപ്പിച്ചു വെള്ളമുണ്ടാക്കാനുള്ള
സാങ്കേതികവിദ്യ ഇന്നുവരെ കണ്ടെത്തിയിട്ടില്ല. രാസ പരീക്ഷണങ്ങൾക്കിടെ വേർപ്പെടുന്ന ഹൈഡ്രജനും
ഓക്സിജനും കൂടിച്ചേർന്നു വെള്ളമായി മാറുന്നത്
നാം നിസ്സഹായതയോടെ കണ്ടുനിൽക്കുന്നു.
മുൻ നിശ്ചിതമായ ചില വ്യവസ്ഥകളിലാണു
പ്രപഞ്ചം നിലനിൽക്കുന്നതു. ജീവന്റെ നിലനിൽപ്പിനു അത്യാവശ്യമായ ജലത്തിന്റെ ഭൂമിയിലെ
മൊത്തം അളവു എക്കാലത്തും സ്ഥായിയായാണു സംവിധാനിക്കപ്പെട്ടിരിക്കുന്നതു. കടലിലൂടേയും
കരയിലൂടെയും അന്തരീക്ഷത്തിലൂടെയും വെള്ളമായും നീരാവിയായും മഞ്ഞായും അതു നീങ്ങിക്കൊണ്ടിരിക്കുന്നു.
ചാക്രികമായ ഈ സഞ്ചാരമാണു അതിനെ സ്ഥായിയായി നിലനിറുത്തുന്നതു. വെള്ളത്തെ നശിപ്പിക്കുവാൻ
നമുക്കാവില്ല. താത്കാലികമായി മലിനമാക്കുവാനേയാക്കാം.അതു നാം ചൈതുകൊണ്ടിരിക്കുന്നു.
അതിന്റെ ഭവിഷ്യത്തു അനുഭവിക്കുകയും ചെയ്യുന്നു. ഓർക്കുക. ഒരു തുള്ളി ജലം ജലചക്രത്തിലൂടെ
കടലിൽനിന്നു തുടങ്ങി കടലിൽതന്നെ തിരിച്ചെത്തുവാൻ ലക്ഷക്കണക്കിനു വർഷങ്ങൾ എടുക്കുമെത്രെ!!
ഈ ജലചക്ര വ്യവസ്ഥയാണു ജീവനെന്ന പ്രതിഭാസത്തെ നിലനിറുത്തുന്നത്.
No comments:
Post a Comment