Saturday, 23 March 2013


ചെമ്പരത്തിപ്പൂക്കൾ പാഞ്ഞടുക്കുകയാണു.

പടിഞ്ഞാറങ്ങാടിയിൽനിന്നും കൂറ്റനാട്ടേക്കൊരു ബസ്സ യാത്ര..ഇന്നു ശനിയാഴ്ച. പരീക്ഷക്കാലമായതുകൊണ്ടാവാം പതിവുതിരക്കില്ല. സമയം  ഉച്ചതിരിഞ്ഞു നാലുമണിയായിട്ടേയുള്ളൂ. അതുകൊണ്ടുകൂടിയാവാം ശാന്തമായൊരു യാത്ര തരപ്പെട്ടതു. കിട്ടിയതൊരു മിനി ബസാണു. ആകെയുള്ള ഇരിപ്പിടത്തിന്റെ പകുതിയും വനിതകൾ കരസ്ഥമാക്കിയിരിക്കുന്നു. ഡ്രൈവറുടെ ഇടതുഭാഗത്തുള്ള റ്റൂൾസ് ബോക്സിനു മീതെയും മുൻഭാഗത്തു ഇരു വശങ്ങളിലുമായുള്ള  ആദ്യത്തെ ആറു ഇരട്ട സീറ്റുകളിലും വനിതകളിരിക്കുന്നു. അധ്യാപികമാരും കടകളിൽ സയിൽസ് ഗേളുകളായി പണിയെടുക്കുന്നവരും വിദ്യാർഥിനികളും അക്കൂട്ടത്തിൽ ഉണ്ടായിരിക്കാം. നാലഞ്ച് പെൺകുട്ടികൾ മുകളിലെ കമ്പിയിൽ വലതുകൈയാൽ തൂങ്ങിനിൽക്കുന്നുണ്ട്അവശേഷിക്കുന്ന നാലു ഇരട്ട സീറ്റുകളിലും ഏറ്റവും പിറകിലെ എമെർജൻസി വാതിലിനിരുവശവും പുരുഷന്മാരിരിക്കുന്നു.
 മുമ്പിലെ വാതിലിന്റെ ചവിട്ടുപടിയിൽകിളിഒറ്റക്കാലിൽ നിൽക്കുന്നു. ഇളം നീലക്കളറുള്ള അവന്റെ ടീ ഷർട്ടിന്റെ പിറകിൽ “ I Love U’  എന്നു എഴുതിയതു  എല്ലാവർക്കും വ്യക്തമായി വായിക്കാം. എല്ലാവരുടേയും ചാർജു ടിക്കറ്റെഴുതാതെ വാങ്ങി ബേഗിലിട്ടു കണ്ടക്റ്റർ പിൻ വാതിലിലെ  ചവിട്ടുപടിയിൽ വിശ്രമിക്കുകയാണു. ഡ്രൈവറുടെ തലക്കുമുകളിലുള്ള റേക്കിൽ വെച്ച പാട്ടുപെട്ടിയിൽ നിന്നും ഗാനമൊഴുകുകയാണു.
            “നീന്നെപ്പോലൊരു സുന്ദരിയെ
             ഇതുവരെ എങ്ങും കണ്ടില്ലാ
            നീയാണിന്നെൻ സുന്ദരീ---------- “
തീരുന്നില്ല ഈരടികൾ. സുന്ദരിയെ വർണിക്കുകയാണീ ആൽബം ഗാനത്തിൽ.
എനിക്കാകെക്കൂടിയൊരു വെല്ലായ്മ അനുഭവപ്പെട്ടു. വനിതകൾക്കു തൊട്ടു പിറകിലാണെന്റെ ഇരിപ്പിടം. തിരക്കില്ലാത്തതിനാൽ എല്ലാവരേയും വ്യക്തമായി കാണാം. ആരുമാരും പരസ്പരം ഉരിയാടുന്നില്ല. എല്ലാവരും ദ്രിഷ്ടി താഴ്ത്തി നിർവികാരതയോടെ ഇരിക്കുകയാണെന്നു തോന്നി.. ഞാൻ തിരിഞ്ഞു നോക്കി. പുരുഷന്മാരും മിണ്ടാട്ടമില്ലാതിരിക്കുന്നു. അവരും അവരവരുടെ ലോകങ്ങളിലാണു. ഇവരെല്ലാം പാട്ടാസ്വദിക്കുകയാണോ?
ഹസ്ബീ റബ്ബീ -------“  ഹാവൂ  രക്ഷപ്പെട്ടു. ‘ഭക്തിഗാനമാണു. എന്റെ പിരിമുറുക്കമൊന്നഴിഞ്ഞു. പൊടുന്നനെ പാട്ടുപെട്ടിയിൽ നിന്നൊരു പൊട്ടലും ചീറ്റലും. ഇതാവരുന്നു മറ്റൊന്നു.
           ‘എന്റെ പൂവേ---ചെമ്പകമേ----
           എന്റെ കരളേ---പൂവഴകേ—‘
ബസു മലറോഡു പിന്നിടുകയാണു. ഈ യാത്രക്കാരുടെ മനസ്സുകളിലൂടെ എന്തായിരിക്കും കടന്നു പോയിക്കൊണ്ടിരിക്കുന്നതു. അവരീ പാട്ടുകൾ ആസ്വദിക്കുകയായിരിക്കുമോ. അതോ എന്നെപ്പോലെ ഒരു വല്ലായ്മയിൽ അകം വിയർത്തിരിക്കുകയാണൊ. എനിക്കു തോന്നി. മുന്നിലിരിക്കുന്ന സഹോദരിമാരുടെ ഉടുതുണിയിതാ അഴിഞ്ഞുവീഴുന്നു. ഇതുതന്നെയല്ലേ വസ്ത്രാക്ഷേപം. നാടുനീളേ തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരിക്കുന്നപോക്കുവരത്തുകളിൽഇവരിങ്ങനേ അപമാനിതരായിക്കൊണ്ടിരിക്കയല്ലേ. എന്തേ നമ്മുടെ പാർലിമെന്റിൽ പാസ്സാക്കിയ സ്ത്രീ സുരക്ഷാ ബില്ലിൽ ഈവസ്ത്രാക്ഷേപത്തിനു തടയിടാൻ വകുപ്പില്ലന്നണ്ടോ.
സ്കൂൾ സ്റ്റോപ്പും കഴിഞ്ഞു എന്റെ ബസ്സ് കൂറ്റനാട്ടെത്തി. അതാ വരുന്നു അടുത്ത ഗാനം. ‘ ചെമ്പരത്തിപൂവേ എന്റെ ചെമ്പരത്തി പൂവേ----‘
ഇറങ്ങുവാനായി പിൻ വാതിലിനടുത്തേക്കു നടക്കുമ്പോൾ പാട്ടുപെട്ടിയിൽ നിന്നും രണ്ടു ചെമ്പരത്തിപ്പൂക്കൾ എന്റെ കാതുകളെ ലക്ഷ്യമാക്കി ഇറങ്ങിവരുന്നതായി തോന്നി. അവയെന്റെ കാതുകളിൽ ഇടംപിടിക്കുന്നതിനു മുമ്പേ ഇറങ്ങേണ്ടതുണ്ടു. ഞാൻ നടത്തക്കു വേഗം കൂട്ടി..


1 comment:

  1. ആശംസകൾ

    ഒന്ന് കൂടീ എഡിറ്റ് ചെയ്യൂ,

    ഫോണ്ട് ക്ലിയർ ചെയ്യുക

    ReplyDelete